അലഹബാദ്: ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായ മഹാ കുംഭമേള ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ആരംഭിച്ചിട്ട് ദിവസങ്ങളായി. 40 കോടി തീർത്ഥാടകർ ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ സന്യാസിമാരിൽ പലരും പ്രത്യേകതകൾ കൊണ്ട് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിൽ പലരും സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. ഇതിലൊരാളാണ് സുന്ദരി സന്യാസിനി എന്ന് വിളിപ്പേരുള്ള ഹർഷ റിച്ചാരി. ഇന്റർനെറ്റിൽ ആയിരങ്ങളാണ് ഹർഷയെ തിരയുന്നത്. ഹർഷയുടെ സൗന്ദര്യവും മേക്കപ്പുമാണ് കൂടുതൽപ്പേരെയും ആകർഷിക്കുന്നത്.
സമ്പത്തിന്റെ മടിത്തട്ടിൽ ജനിച്ചുവീണ ഹർഷ കോടികളുടെ സമ്പാദ്യവും സുഖങ്ങളും പുല്ലുപോലെ വലിച്ചെറിഞ്ഞാണ് സന്യാസജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. സമ്പത്തും സുഖവും ഉണ്ടായപ്പോഴൊന്നും തനിക്ക് ലഭിക്കാതിരുന്ന സമാധാനം തനിക്കിപ്പോൾ ലഭിക്കുന്നുണ്ടെന്നും അതാണ് താൻ അന്വേഷിച്ചുനടന്നതെന്നുമാണ് ഹർഷ പറയുന്നത്. ആ സമാധാനം കിട്ടുന്നതിനുവേണ്ടിയാണ് താൻ സന്യാസത്തിലേക്ക് ഇറങ്ങിയതെന്നും അവർ പറയുന്നു.
എന്നാൽ തന്നെ ഇപ്പോൾ ആരും സന്യാസിനി എന്നുവിളിക്കരുതെന്നാണ് ഹർഷയുടെ അഭ്യർത്ഥന. കുട്ടിക്കാലം മുതൽ താൻ സന്യാസിനിയാണെന്ന് ചിലർ പ്രചരിപ്പിക്കുന്നതിനെയും ഹർഷ എതിർക്കുന്നുണ്ട്. താൻ ഇപ്പോൾ മന്ത്ര ദീക്ഷ മാത്രമേ എടുത്തിട്ടുള്ളൂ എന്നും സന്യാസിനിയാവാൻ ഇനിയും സമയം വേണമെന്നുമാണ് അവർ പറയുന്നത്. മുപ്പതുകാരിയായ ഹർഷ കുറച്ചുനാൾ മുമ്പുവരെ മോഡലായും അവതാരകയായും പേരെടുത്തിരുന്നു. ഒരു സുപ്രഭാതത്തിലാണ് അതെല്ലാം ഉപേക്ഷിച്ച് ആത്മീയതയുടെ ലോകത്തേക്ക് തിരിഞ്ഞത്. ഒരാളുടെ വിധിയിൽ ചിലത് എഴുതിയിരിക്കും. വേറെവിടെയൊക്കെ അലഞ്ഞാലും അവിടെയൊന്നും നിൽക്കാതെ ഒടുവിൽ വിധിയിൽ പറഞ്ഞിരിക്കുന്നിടത്തുതന്നെ എത്തിച്ചേരും എന്നാണ് സന്യാസിനിയാവാൻ തീരുമാനിച്ചതിനെക്കുറിച്ച് ഹർഷ പറയുന്നത്.
അതിനിടെ കുംഭമേളയിൽ നിരഞ്ജനി അഖാരയിലെ അംഗങ്ങൾ നടത്തിയ ഛവാനി പ്രവേശന ഘോഷയാത്രയ്ക്കിടെ ഹർഷ രഥത്തിൽ ഇരുന്നത് വിവാദമാവുകയും ചെയ്തു. വിജ്ഞാനവും ആത്മീയതയും പ്രചരിപ്പിക്കുന്നതിനാണ് കുംഭം സംഘടിപ്പിക്കുന്നതെന്നും മോഡലുകൾ അത് പരസ്യ പരിപാടിയായി ഉപയോഗിക്കരുതെന്നും കാളി സേനാ മേധാവി സ്വാമി ആനന്ദ് സ്വരൂപ് ഹർഷയെ എതിർത്തുകൊണ്ട് പറഞ്ഞു. കുംഭമേളയ്ക്ക് കാഷായ വേഷംധരിച്ച് എത്തിയ ഹർഷയുടെ മേക്കപ്പിനെതിരെയും നിരവധി പേർ രംഗത്തെത്തി. ത്രെഡുചെയ്ത്, ലിപ്‌സ്റ്റിക്ക് ഉൾപ്പെടെ ഇട്ടാണ് അവർ കുംഭമേളയ്ക്ക് എത്തിയത്. സന്യാസജീവിതത്തിലേക്കുള്ള യാത്രയിലാണെന്ന് അവകാശപ്പെടുന്ന സ്ത്രീയാണോ ഇത്തരത്തിൽ വേഷം ധരിക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |