കയറ്റുമതി ഒരു ശതമാനം കുറഞ്ഞു,
ഇറക്കുമതിയിൽ 4.8 ശതമാനം വർദ്ധന
കൊച്ചി: പശ്ചാത്യ വിപണികളിൽ മാന്ദ്യം ശക്തമായതോടെ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഡിസംബറിൽ ഒരു ശതമാനം ഇടിഞ്ഞ് 3,800 കോടി ഡോളറിലെത്തി. മുൻവർഷം ഇതേകാലയളവിൽ കയറ്റുമതി 3839 കോടി ഡോളറായിരുന്നു. കഴിഞ്ഞ മാസം ഇറക്കുമതി 4.8 ശതമാനം ഉയർന്ന് 5,995 കോടി ഡോളറിലെത്തി. ഇതോടെ ഇറക്കുമതിയും കയറ്റുമതിയുമായുള്ള വിടവായ വ്യാപാര കമ്മി 2,194 കോടി ഡോളറായി ചുരുങ്ങിയെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
കയറ്റുമതി മെച്ചപ്പെട്ടതും ഇറക്കുമതിയിൽ പ്രതീക്ഷിച്ച വർദ്ധനയുണ്ടാകാതിരുന്നതുമാണ് വ്യാപാര കമ്മി കുറയ്ക്കാൻ സഹായിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു.
നവംബറിലെ സ്വർണ ഇറക്കുമതി കണക്കുകളിൽ പിഴവുണ്ടായെന്ന് നേരത്തെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. യഥാർത്ഥത്തിലുള്ളതിലും 500 കോടി ഡോളർ സ്വർണ ഇറക്കുമതി കണക്കിൽ അധികമായി ചേർത്തതാണ് വിനയായത്. കണക്ക് തിരുത്തിയതോടെ നവംബറിലെ സ്വർണ ഇറക്കുമതി 1480 കോടി ഡോളറിൽ നിന്നും 980 കോടി ഡോളറായി പുതുക്കി നിശ്ചയിച്ചിരുന്നു. ഇതോടെ വ്യാപാര കമ്മിയും 3,780 കോടി ഡോളറിൽ നിന്നും 3,280 കോടി ഡോളറായി കുറഞ്ഞു.
വ്യാപാര കമ്മി 2,194 കോടി ഡോളർ
ട്രംപ് നിലപാട് നിർണായകം
ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളാണ് വ്യാപാര ലോകം ഉറ്റുനോക്കുന്നത്. ഉയർന്ന ഇറക്കുമതി തീരുവയുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയെ തീരുവ രാജാവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതിനാൽ ഇന്ത്യയിലെ ഉത്പന്നങ്ങൾക്കും ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിലുണ്ടാകുന്ന പ്രതികൂല സാഹചര്യം വ്യാപാര കമ്മി കുതിച്ചുയരാൻ കാരണമായേക്കും.
രൂപ കരുത്താർജിക്കുന്നു
ആഗോള വിപണിയിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതോടെ രൂപ ഇന്നലെ ശക്തമായി തിരിച്ചുകയറി. ഡോളറിനെതിരെ രൂപ 28 പൈസയുടെ നേട്ടവുമായി 86.36ൽ എത്തി. രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ മത്സരക്ഷമത വർദ്ധിപ്പിക്കുമെങ്കിലും ഇറക്കുമതി ചെലവ് കൂടാൻ ഇടയാക്കും. ഡൊണാൾഡ് ട്രംപ് വിജയിച്ചതിനു ശേഷം രൂപയുടെ മൂല്യത്തിൽ മൂന്ന് ശതമാനം ഇടിവാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |