അബുദാബി: ജോലി ചെയ്യുന്നതും വിനോദ സഞ്ചാരത്തിനായി എത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഉപകാരപ്പെടുന്ന പദ്ധതിയുമായി ദുബായ്. ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഷോപ്പിംഗ് ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ യുപിഐ ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യാം. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻപിസിഐ) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് (എൻഐപിഎൽ) മിഡിൽ ഈസ്റ്റിലെ പേയ്‌മെന്റ് സംവിധാനമായ മഗ്നാട്ടിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
മഗ്നാട്ടി ടെർമിനലുകളിൽ യുപിഐ പണമിടപാട് നടത്താൻ ദുബായിലെ ഇന്ത്യക്കാരെ സഹായിക്കുന്ന പദ്ധതിയാണിത്. തുടക്കത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലായിരിക്കും സേവനം ലഭ്യമാവുക. പിന്നീട് റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. നിലവിൽ നിയോപേ ടെർമിനലുകൾ, അൽ മായ സൂപ്പർമാർക്കറ്റുകൾ, ലുലു സ്റ്റോറുകൾ എന്നിവിടങ്ങളിൽ യുപിഐ സേവനം ലഭ്യമാണ്. ഏകദേശം 12 ദശലക്ഷം ആളുകളാണ് പ്രതിവർഷം യുഎഇയും ദുബായും സന്ദർശിക്കുന്നത്. അതിനാൽ തന്നെ യുപിഐ സേവനം വ്യാപിപ്പിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ ഷോപ്പിംഗ് നിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
യുഎഇയിൽ യുപിഐ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് മഗ്നാട്ടിയുമായുള്ള പങ്കാളിത്തമെന്ന് എൻഐപിഎൽ സിഇഒ റിതേഷ് ശുക്ല പറഞ്ഞു. 'ദുബായ് ഡ്യൂട്ടി ഫ്രീ പോലുള്ള പ്രമുഖ സ്ഥലങ്ങളിൽ ഇന്ത്യൻ യാത്രക്കാർക്ക് സുഗമവും പരിചിതവുമായ പേയ്‌മെന്റ് അനുഭവം ഇത് പ്രദാനം ചെയ്യുന്നു. ആഗോളതലത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും വിദേശത്ത് അവരുടെ പേയ്‌മെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഈ സഹകരണം സഹായിക്കും'- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |