തിരുവനന്തപുരം: ഇന്ത്യയിലെ സഹകരണ ബാങ്കുകളിൽ 50,000 കോടി രൂപയിലധികം അറ്റ വായ്പ നേടി കേരള ബാങ്ക് ചരിത്രം സൃഷ്ടിച്ചു.കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുന്നതിലേക്കുള്ള ചുവടുവെപ്പാണിതെന്ന് സഹകരണമന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 50, 200 കോടി രൂപയാണ് കേരള ബാങ്കിന്റെ അറ്റ വായ്പ.
ഇതോടെ കേരളത്തിലെ ബാങ്കുകളിൽ 50,000 കോടി രൂപയിലധികം വായ്പയുള്ള അഞ്ച് ബാങ്കുകളുടെ പട്ടികയിൽ കേരളം ബാങ്കും ഇടം പിടിച്ചു.
നിലവിൽ സംസ്ഥാനത്തെ മൊത്തം ബാങ്ക് വായ്പകളിൽ 8.42ശതമാനവും കേരള ബാങ്കിന്റേതാണ്. കഴിഞ്ഞ നാലുവർഷവും ലാഭം നേടാനും ബാങ്കിന് കഴിഞ്ഞു.
കേരളത്തിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം ഇവിടെ വായ്പയായി വിതരണം ചെയ്യുന്ന കേരള ബാങ്കിന്റെ വായ്പാ, നിക്ഷേപ അനുപാതം 75 ശതമാനമാണ്.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ വി. രവീന്ദ്രൻ, ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, മാനേജ്‌മെന്റ് ബോർഡ് അംഗം ബി.പി. പിള്ള, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.
കാർഷിക മേഖലയ്ക്ക് ഉൗന്നൽ
മൊത്തം വായ്പയിൽ 25 ശതമാനം കാർഷിക മേഖലയിലും 25ശതമാനം പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുമാണ് നൽകിയിട്ടുള്ളത്. ചെറുകിട സംരംഭങ്ങൾക്ക് 12.30 ശതമാനം വായ്പ നൽകിയിട്ടുണ്ട്. ഡിസംബർ 31 വരെ 1,45,099 വായ്പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭകർക്ക് നൽകിയിട്ടുള്ളത്.
സഹകരണ ബാങ്കുകളിൽ ഒന്നാമത്
രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളിൽ 50,000കോടി രൂപയിലധികം അറ്റ വായ്പ നേടിയ ആദ്യ ബാങ്കാണ് കേരള ബാങ്ക്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെത് 33682 കോടി രൂപയാണ്. രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 30 ശതമാനവും മൊത്തം വായ്പയുടെ 19ശതമാനവും കേരളബാങ്കിന്റെ സംഭാവനയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |