പൂനെ: ഭർത്താവ് മരിച്ചതിന് പിന്നാലെ കരൾ ദാനം ചെയ്ത ഭാര്യയും മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് നോട്ടീസ് അയച്ച് ആരോഗ്യവകുപ്പ്. മഹാരാഷ്ട്രയിലാണ് ദാരുണസംഭവം നടന്നത്. ബാപ്പു കോംകർ എന്ന രോഗിക്കാണ് ഭാര്യയായ കാമിനി കരൾ പകുത്ത് നൽകിയത്. ഓഗസ്റ്റ് 15നായിരുന്നു ശസ്ത്രക്രിയ നടന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ബാപ്പു കോംകറിന്റെ ആരോഗ്യനില വഷളായി. തുടർന്ന് ഓഗസ്റ്റ് 17ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധ കാരണം കാമിനി ഓഗസ്റ്റ് 21നാണ് മരിച്ചത്. മെഡിക്കൽ അനാസ്ഥയാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. തുടർന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പൂനെയിലെ സഹ്യാദ്രി ആശുപത്രിയ്ക്ക് നോട്ടീസ് അയച്ചത്.
'ഞങ്ങൾ ആശുപത്രിക്ക് ഒരു നോട്ടീസ് നൽകി. സ്വീകർത്താവിന്റെയും ദാതാവിന്റെയും വിശദാംശങ്ങൾ, അവരുടെ റെക്കോർഡുകൾ, ചികിത്സാ രീതി എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കഴാഴ്ച രാവിലെ എല്ലാ വിവരങ്ങളും നൽകാൻ ആശുപത്രിയോട് അവശ്യപ്പെട്ടു'- ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. നാഗ്‌നാഥ് യെമ്പള്ളെ പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരും പ്രതികരിച്ചിട്ടുണ്ട്.
'നോട്ടീസ് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഞങ്ങൾ പൂർണമായും സഹകരിക്കുന്നു. ഈ വിഷയത്തിൽ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകും. ശസ്ത്രക്രിയയുടെ അപകടസാദ്ധ്യതകളെക്കുറിച്ച് കുടുംബത്തിനും ദാതാവിനും മുൻകൂട്ടി കൗൻസിലിംഗ് നൽകിയിരുന്നതാണ്'- ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ പ്രോട്ടോക്കോളുകൾ പ്രകാരമാണ് ശസ്ത്രക്രിയ നടത്തിയതെന്നും എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് കാർഡിയോജനിക് ഷോക്ക് ഉണ്ടായെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |