ദുബായിലെ ബുർജ് അൽ അറബ് വെറുമൊരു ഹോട്ടൽ മാത്രമല്ല, ആഡംബരത്തിന്റെ അവസാനവാക്ക് കൂടിയാണ്. ലോകത്തിലെതന്നെ ഏറ്റവും ആഡംബരമുള്ള ഹോട്ടലാണിതെന്നാണ് പറയപ്പെടുന്നത്. ഹോട്ടലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് വീഡിയോ പങ്കുവച്ചത്. കൊട്ടാരം പോലുണ്ട് മുറി. കിടക്ക മുതൽ കുളിമുറിയും ചുവരുകളും വരെ ആഡംബരം എടുത്തുകാണിക്കുന്നു. ബാത്ത്‌റൂമിലടക്കം പലയിടത്തും സ്വർണത്തിളക്കമാണ്.
മനുഷ്യനിർമിതമായ ദ്വീപിൽ ആണ് ബുർജ് അൽ അറബ് സ്ഥിതി ചെയ്യുന്നത്. കറങ്ങുന്ന കിടക്കയാണ് മുറിയുടെ പ്രധാന ആകർഷണം. സമുദ്രം കാണണോ, അല്ലെങ്കിൽ പ്രിയപ്പെട്ട ഷോ കാണണോ, കിടക്കയൊന്ന് തിരിച്ചാൽ മതി. കാരണം, കൂറ്റൻ ജനാലകളിലൂടെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. കടലിന്റെ നടുവിൽ താമസിക്കുന്ന ഫീൽ കിട്ടും. കിടക്ക തിരിച്ചാൽ അപ്പുറത്ത സൈഡിൽ ടിവിയും കാണാം.
സ്വർണ്ണ ലിഫ്റ്റാണ് ഹോട്ടലിനുള്ളിലെ മറ്റൊരു പ്രധാന ആകർഷണം. രാജകീയ പ്രൗഡിയോടെയുള്ള ഈ ലിഫ്റ്റ് മുകളിലേക്കും താഴേക്കും പോകാനുളള സൗകര്യം മാത്രമല്ല ഒരുക്കുന്നത്. മറിച്ച് വ്യത്യസ്തമായ ഒരു അനുഭവം കൂടിയാണ് സമ്മാനിക്കുന്നത്. ലിഫ്റ്റ് തുറക്കുമ്പോൾ കൊട്ടാരത്തിലെ ഒരു മുറിയിലേക്ക് പ്രവേശിക്കുന്നതുപോലെ തോന്നും.
ഒരു രാത്രി ഇവിടെ കഴിയണമെങ്കിൽ നാൽപ്പത്തിയെട്ട് ലക്ഷം രൂപ നൽകണം. പല ഇന്ത്യൻ നഗരങ്ങളിലും ഒരു ഫ്ളാറ്റിന്റെ വിലയ്ക്ക് തുല്യമാണിത്. വീഡിയോ വൈറലായതോടെ ജീവിതത്തിലൊരിക്കലെങ്കിലും ഇവിടെ പോകണമെന്ന ആഗ്രഹം പങ്കിട്ടുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |