
അമേരിക്കൻ യൂട്യൂബ് താരം ഐഷോസ്പീഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഗെയിമുകളുടെ തത്സമയ സ്ട്രീമിംഗിലൂടെ ജനപ്രിയനാണ് ഡാറൻ ജെയസൺ വാട്കിൻസ് എന്ന 19കാരൻ. ലൈവ് സ്ട്രീമിംഗിനിടെയുള്ള അദ്ദേഹത്തിന്റെ രസകരമായ പ്രതികരണങ്ങളും, നായയെപ്പോലെ കുരയ്ക്കുന്നതടക്കമുള്ള വിചിത്രമായ വിനോദങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്. സാഹസികതയും വെല്ലുവിളിയും നിറഞ്ഞ ദൗത്യങ്ങളെ ധൈര്യത്തോടെ ചെയ്യാനും ജെയ്സൺ മുന്നോട്ടു വരാറുണ്ട്.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റപ്പുലിയെ ഓട്ടമത്സരത്തിന് വെല്ലുവിളിച്ചാണ് ജെയസൺ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമദ്ധ്യമങ്ങളിൽ നിമിഷ നേരംകൊണ്ടാണ് വൈറലായത്.
താൻ ഇന്ന് ചീറ്റപ്പുലിയുമായി മത്സരിക്കാൻ പോവുകയാണെന്ന് ആവേശത്തോടെ പ്രഖ്യാപിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ സാഹചര്യം അല്പം വഷളായി. അപ്രതീക്ഷിതമായി ചീറ്റപ്പുലി സ്പീഡിന്റെ കാലിൽ കടിക്കാൻ ആഞ്ഞുയരുകയും ആഴത്തിലുള്ള രണ്ട് പോറലുകൾ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ പരിക്കിനെയൊന്നും വകവയ്ക്കാതെ ജെയ്സൺ വെല്ലുവിളിയുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.
സ്റ്റാർട്ടിംഗ് പോയിന്റിൽ ചീറ്റപ്പുലിയും സ്പീഡും തയ്യാറായി നിന്നു. കൗണ്ട്ഡൗൺ അവസാനിതോടെ സ്പീഡ് തന്റെ പരമാവധി വേഗതയിൽ കുതിച്ചു. എന്നാൽ ചീറ്റപ്പുലിയാകട്ടെ വളരെ അനായാസമായാണ് സ്പീഡിനൊപ്പം ഓടിയത്. ഫിനിഷിംഗ് വരയ്ക്ക് തൊട്ടടുത്തെത്തിയപ്പോൾ തന്നെ ചീറ്റപ്പുലി വേഗത വർദ്ധിപ്പിക്കുകയും ജെയ്സണെ പിന്തള്ളി ഒന്നാമതെത്തുകയും ചെയ്തു.
ജെയ്സന്റെ സാഹസികത കണ്ട് സോഷ്യൽ മീഡിയ അമ്പരന്നെങ്കിലും, ജെയ്സന്റെ ഓട്ടത്തേക്കാൾ പിന്നീട് അത്ഭുതം തോന്നിപ്പിച്ചത് ചീറ്റപ്പുലിയുടെ വേഗതയെയാണ്. ജെയ്സൺ പരമാവധി വേഗത്തിൽ ഓടിയിട്ടും ചീറ്റപ്പുലി അതിന്റെ 25ശതമാനം വേഗത പോലും പുറത്തെടുക്കേണ്ടി വന്നില്ല എന്നുള്ളത് എല്ലാവരെയും അമ്പരപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |