
ഇറ്റലി ആസ്ഥാനമായ ലോകപ്രസിദ്ധ ആഡംബര ഫാഷൻ ബ്രാൻഡ് ആണ് പ്രാഡ. മിലാൻ ഫാഷൻ വീക്കിൽ ഇന്ത്യയിലെ പ്രശസ്‌തമായ കോലാപുരി ചെരുപ്പുകൾ ക്രെഡിറ്റ് നൽകാതെ പ്രദർശിപ്പിച്ചതിന് അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വലിയ വിമർശനങ്ങൾ പ്രാഡയ്‌ക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ 2026ൽ ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ളവരുടെ മനം കീഴടക്കാൻ പുതിയ ലക്ഷ്വറി പെർഫ്യൂം ഇറക്കിയിരിക്കുകയാണ് പ്രാഡ. ഇന്ത്യക്കാരെ, പ്രത്യേകിച്ച് ചായപ്രേമികളായവരെയാണ് ഇത്തവണ ബ്രാൻഡ് ലക്ഷ്യമിട്ടിരിക്കുന്നത്.
ലെസ് ഇൻഫ്യൂഷൻസ് കളക്ഷന്റെ ഭാഗമായാണ് ഈ ചായ പെർഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്. 'ഇൻഫ്യൂഷൻ ഡി സാന്റൽ ചായ്' എന്നാണ് പേര്. ക്രീമിയും മസാലയുടെ മണവുമുള്ള നല്ല കടുപ്പമുള്ള ചായയുടെ സുഗന്ധമാണ് ഈ യുണിസെക്‌സ് പെർഫ്യൂമിന്. ചായയുടെ ഊഷ്‌മളമായ മണത്തോടൊപ്പം നല്ല ഏലക്കയുടെയും ചന്ദനത്തിന്റെയും സിട്രസിന്റെയും മണങ്ങൾ ഇതിലുണ്ട്. ഒരേസമയം, ആശ്വാസവും ഉന്മേഷദായകവുമാണ് ഈ പെർഫ്യൂമിന്റെ മണം.
ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണിത്. തവിട്ടുനിറത്തിലുള്ള ആകർഷണീയമായ കുപ്പിയിലാണ് ഈ പെർഫ്യൂം വരുന്നത്. ഒട്ടകത്തിന്റെ നിറത്തിലാണ് ബോട്ടിലിന്റെ അടപ്പ് വരുന്നത്. പ്രാഡയുടെ ഓരോ പെർഫ്യൂമിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇതിലും അതേ സിഗ്നേച്ചർ ലുക്ക് കാണാൻ സാധിക്കും. പ്രാഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 100 മില്ലി ബോട്ടിലിന് $190 അതായത് ഏകദേശം 17,000 രൂപയാണ് വില.
സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ പെർഫ്യൂമിന് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള ചായപ്രേമികൾ വളരെ ആവേശത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. ചിലർ ഇത് വാങ്ങി ഉപയോഗിക്കുന്നതിലെ ആവേശം പ്രകടിപ്പിക്കുമ്പോൾ മറ്റുചിലർക്ക് ഈ സുഗന്ധം അത്രത്തോളം ഉൾക്കൊള്ളാനായിട്ടില്ല. ചായ ഇഷ്‌ടമാണ്, പക്ഷേ അതിന്റെ ഗന്ധം എന്റെ ശരീരത്തിൽ വേണ്ട എന്നാണ് ചിലർ കമന്റിട്ടിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |