'നിശാപാര്‍ട്ടികളും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കറക്കവും, നിയന്ത്രിക്കാന്‍ പിതാവിന് പോലും കഴിഞ്ഞിരുന്നില്ല'

Tuesday 22 April 2025 7:36 PM IST

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ്‌രാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ അഭിഷേക് ഉള്‍പ്പെട്ടതിന് പിന്നാലെയാണ് യോഗ്‌രാജ് സിംഗ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാത്രി വൈകിയുള്ള പാര്‍ട്ടിയും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കുന്ന ശീലവും അഭിഷേകിന് ഉണ്ടായിരുന്നുവെന്നും തന്റെ മകനാണ് അഭിഷേകിന്റെ ഉള്ളിലെ ക്രിക്കറ്റ് പ്രതിഭയെ തിരിച്ചറിഞ്ഞ് ഈ ശീലങ്ങള്‍ അവസാനിപ്പിച്ചതെന്നും യോഗ്‌രാജ് സിംഗ് പറയുന്നു.

അഭിഷേകിന്റെ ജീവിത രീതികളെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്റെ പിതാവിന് പോലും കഴിഞ്ഞിരുന്നില്ലെന്നാണ് യോഗ്‌രാജ് പറയുന്നത്. യുവി ഇടപെട്ട് അഭിഷേകിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം കൊണ്ടുവന്നതായി എനിക്ക് അറിയാം. ഒമ്പത് മണിയായി കിടക്കാന്‍ പോകൂ എന്നൊക്കെ യുവ്രാജ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.'- അദ്ദേഹം വ്യക്തമാക്കി.

'അഭിഷേകിന്റെ പ്രകടനത്തെ കുറിച്ച് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകരോട് ഒരിക്കല്‍ അന്വേഷിച്ചു. അവന്‍ ഒരു ബൗളറാണെന്നാണ് നല്‍കിയ മറുപടി. അവന്റെ പ്രകടനം പരിശോധിച്ചപ്പോള്‍ 24 സെഞ്ചുറികള്‍ നേടിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്തിനാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്ന് യുവ്രാജ് അവരോട് ചോദിച്ചു. ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്.' യോഗ്‌രാജ് സിംഗ് ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.