ലാഹോറില്‍ മസില്‍ പെരുക്കി അഫ്ഗാനിസ്ഥാന്‍; എട്ട് റണ്‍സിന്റെ നാടകീയ ജയം, ഇംഗ്ലണ്ട് പുറത്ത്
ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. എട്ട് റണ്‍സ് തോല്‍വിയോടെ ഇംഗ്ലണ്ട് സെമി കാണാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്താകുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 49.5 ഓവറില്‍ 317 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 111 പന്തില്‍ 120 റണ്‍സ് നേടിയ ജോ റൂട്ടിന്റെ സെഞ്ച്വറിയും പാഴായി. നേരത്തെ ഇബ്രാഹിം സദ്രാന്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് 177(146) അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അസ്മത്തുള്ള ഒമര്‍സായിയുടെ പ്രകടനവും അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായകമായി.
326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ അഫ്ഗാനിസ്ഥാന്‍ ഞെട്ടിക്കുകയായിരുന്നു. ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ ആദ്യ രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഫിലിപ് സാള്‍ട്ട് 12(13), ജേമി സ്മിത്ത് 9(13) എന്നിവരാണ് പുറത്തായത്. ബെന്‍ ഡക്കറ്റ് - ജോ റൂട്ട് സഖ്യം നേടിയ 68 റണ്‍സ് കൂട്ടുകെട്ട് സ്‌കോര്‍ 98 വരെ എത്തിച്ചു. ഡക്കറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി 38(45) റാഷിദ് ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഹാരി ബ്രൂക് 25(21) നബിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ സ്‌കോര്‍ 133ന് നാല്.
ഇംഗ്ലണ്ട് അപകടം മണത്ത ഈ ഘട്ടത്തില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 38(42) റൂട്ടിനൊപ്പം ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 200 കടത്തി. ബട്‌ലര്‍ക്ക് പിന്നാലെ ലിയാം ലിവിംഗ്സ്റ്റണ്‍ 10(8) പുറത്തായപ്പോള്‍ സ്‌കോര്‍ 233ന് ആറ്. ജേമി ഓവര്‍ടണിനെ കൂട്ടുപിടിച്ച് റൂട്ട് മുന്നേറി. ഇതിനിടെ താരം സെഞ്ച്വറി നേടുകയും ചെയ്തു. 46ാം ഓവറില്‍ 120 (111) റണ്‍സ് നേടിയ റൂട്ട് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ജയത്തില്‍ നിന്ന് 39 റണ്‍സ് മാത്രം അകലെയായിരുന്നു.
ആര്‍ച്ചര്‍ - ഓവര്‍ടണ്‍ സഖ്യം ക്രീസില്‍ തുടരുമ്പോള്‍ അവസാന മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 25 റണ്‍സ് മാത്രം അകലെയായിരുന്നു. അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ 48ാം ഓവറില്‍ ജോഫ്രാ ആര്‍ച്ചറുടെ ക്യാച്ച് റാഷിദ് ഖാന്‍ കൈവിട്ടു. എന്നാല്‍ അഞ്ചാം പന്തില്‍ ഓവര്‍ടണിനെ 32(28) ഡീപ് ലോംഗ് ഓണില്‍ നബി പിടിച്ച് പുറത്തായതോടെ മത്സരം പിന്നെയും ആവേശകരമായി മാറി. ഒരു ബൗണ്ടറി സഹിതം ഒമ്പത് റണ്‍സാണ് ഓവറില്‍ ഇംഗ്ലണ്ട് നേടിയത്.
49ാം ഓവര്‍ എറിയാന്‍ എത്തിയത് ഫസല്‍ ഹഖ് ഫറൂഖി. ജയത്തിലേക്ക് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് വെറും 16 റണ്‍സ് മാത്രം. ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് ഇംഗ്ലീഷ് സഖ്യം നേടിയത് വെറും രണ്ട് റണ്‍സ് മാത്രം. അഞ്ചാം പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ ഉയര്‍ത്തി അടിച്ച പന്ത് മുഹമ്മദ് നബിയുടെ കൈകളില്‍ വിശ്രമിച്ചു. അഫ്ഗന് ജയത്തിലേക്ക് ഒരു വിക്കറ്റിന്റെ മാത്രം ദൂരം. ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് ഏഴ് പന്തില്‍ 14 റണ്‍സ്. വെറും മൂന്ന് റണ്‍സ് മാത്രമാണ് ഈ ഓവറില്‍ പിറന്നത്.
അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് ലക്ഷ്യം അപ്പോഴും 13 റണ്‍സ് അകലെ. ക്രീസില്‍ ആദില്‍ റഷീദും മാര്‍ക് വുഡും. ആദ്യ പന്തില്‍ ഡീപ് ലോംഗ് ഓഫിലേക്കടിച്ച പന്തില്‍ റഷീദ് നേടിയത് ഒരു റണ്‍. രണ്ടാം പന്ത് ഡീപ് എക്‌സ്ട്രാ കവറിലേക്ക് പായിച്ചെങ്കിലും പിറന്നത് വെറും ഒരു റണ്‍. മൂന്നാം പന്തിലും സിംഗിള്‍ മാത്രം. അവസാന മൂന്ന് പന്തില്‍ ജയം 10 റണ്‍സ് അകലെ. നാലാം പന്തിലും ഒരു റണ്‍ മാത്രം. അഞ്ചാം പന്തില്‍ ആദില്‍ റഷീദ് പുറത്തായതോടെ അഫ്ഗാന് എട്ട് റണ്‍സിന്റെ ചരിത്ര ജയം.
നേരത്തെ,ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റിംഗ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 6(15), സെദിഖുള്ള അത്തല്‍ 4(4), റഹ്‌മത്ത് ഷാ 4(9) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ അഫ്ഗാന്‍ 37ന് മൂന്ന് എന്ന നിലയില്‍ പരുങ്ങലിലായി. ക്യാപ്റ്റന്‍ ഹാഷ്മത്തുള്ള ഷാഹിദി 40(67) സദ്രാന് ഒപ്പം നാലാം വിക്കറ്റില്‍ നേടിയ 103 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
നായകന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ അസ്മത്തുള്ള ഒമര്‍സായ് 41(31) സദ്രാന് നല്ല പിന്തുണ നല്‍കിയതോടെ സ്‌കോറിംഗ് വേഗതയും ഉയര്‍ന്നു. മുഹമ്മദ് നബി 40(24)യും തകര്‍ത്തടിച്ചപ്പോള്‍ അവസാന 20 ഓവറുകളില്‍ നിന്ന് 185 റണ്‍സാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. ഗുല്‍ബാദിന്‍ നയീബ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണ്‍ രണ്ട് വിക്കറ്റുകള്‍ നേടി. ജേമി ഓവര്‍ടണ്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.