തകര്‍പ്പന്‍ ബാറ്റിംഗുമായി സഞ്ജു സാംസണ്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അനായാസ ജയം
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ വിജയം. മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനാണ് ചെന്നൈക്ക് അനായാസ ജയമൊരുക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 17.3 ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ ചെന്നൈക്ക് പത്ത് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റ് ആയി. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകളും അവര്‍ സജീവമാക്കി.
52 പന്തുകളില്‍ നിന്ന് ആറ് സിക്‌സറുകളും ഏഴ് ബൗണ്ടറികളും സഹിതം 87 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. നാലാമനായി ക്രീസിലെത്തിയ യുവതാരം കാര്‍ത്തിക് ശര്‍മ്മ 31 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 6(13), ഉര്‍വില്‍ പട്ടേല്‍ 17(9) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍, ലുങ്കി എങ്കിടി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി. ചെന്നൈയുടെ മികച്ച ബൗളിംഗ് പ്രകടനവും ക്യാപിറ്റല്‍സ് മുന്‍നിര ബാറ്റിംഗില്‍ തിളങ്ങാതാകുകയും ചെയ്തതോടെയാണ് ചെറിയ സ്‌കോറില്‍ ടീം ഒതുങ്ങിയത്. ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തി 24 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമീര്‍ റിസ്വി ആണ് ടോപ് സ്‌കോറര്‍.
പാത്തും നിസംഗ 19(15), കെഎല്‍ രാഹുല്‍ 12(13), നിധീഷ് റാണ 15(13), മലയാളി താരം കരുണ്‍ നായര്‍ 13(13) ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ 2(6) എന്നിവര്‍ പുറത്തായപ്പോള്‍ ടീം സ്‌കോര്‍ 11 ഓവറില്‍ അഞ്ചിന് 69 എന്ന നിലയിലായിരുന്നു. പിന്നീട് ട്രിസ്റ്റന്‍ സ്റ്റബ്സ് 38(31) സമീര്‍ റിസ്വി സഖ്യം ഏഴാം വിക്കറ്റില്‍ 47 പന്തുകളില്‍ നിന്ന് 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 134ല്‍ നില്‍ക്കെ സ്റ്റബ്സിനെ പുറത്താക്കി ജേമി ഓവര്‍ടണ്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അഷുതോഷ് ശര്‍മ്മ 14(5) റണ്‍സെടുത്ത് പുറത്തായപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. ചെന്നൈക്കായി അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ജേമി ഓവര്‍ടണ്‍, ഗുര്‍ജാപ്നീത് സിംഗ്, മുകേഷ് ചൗധരി, അക്കീല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.