ബാറ്റിംഗില്‍ തിളങ്ങി ജമീമ റോഡ്രിഗ്‌സ്; വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍

Thursday 05 February 2026 9:42 PM IST

വഡോദര: വനിതാ പ്രീമിയര്‍ ലീഗ് നാലാം സീസണ്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ജമീമ റോഡ്രിഗ്‌സിന്റെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ ആര്‍സിബിക്ക് എതിരെ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് ആണ് ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തത്. ആദ്യ മൂന്ന് സീസണുകളിലും ഫൈനലിലെത്തിയെങ്കിലും എല്ലാത്തവണയും തോല്‍വി വഴങ്ങിയ ഡല്‍ഹി ഇത്തവണ കന്നി കിരീടത്തില്‍ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഓപ്പണര്‍മാരായ ലിസെല്‍ ലീ 37(30), ഷഫാലി വര്‍മ്മ 20(13) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ താരം ലോറ വോള്‍വാര്‍ട്ട് 44(25), ക്യാപ്റ്റന്‍ ജമീമ റോഡ്രിഗ്‌സ് 57(37) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഷിനെല്‍ ഹെന്റി 15 പന്തുകളില്‍ നിന്ന് 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാല് ഫോറും രണ്ട് സിക്‌സും ഷിനെലിന്റെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ ഡല്‍ഹി സ്‌കോര്‍ 200 കടക്കുകയായിരുന്നു.

എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ജമീമ റോഡ്രിഗ്‌സിന്റെ ഇന്നിംഗ്‌സ്. ആര്‍സിബിക്ക് വേണ്ടി സയാലി സാത്ഗരെ, അരുന്ധതി റെഡ്ഡി, നദീന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തങ്ങളുടെ രണ്ടാം കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്.