ടീമിനൊപ്പം യാത്ര ചെയ്യാതെ ഹാര്‍ദിക് പാണ്ഡ്യ; നായകനെ പുറത്താക്കി മുംബയ് ഇന്ത്യന്‍സ്?
മുംബയ്: ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബയ് ഇന്ത്യന്‍സില്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് മാനേജ്‌മെന്റ്. നായക സ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ സീസണ്‍ അവസാനിക്കുമ്പോള്‍ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇപ്പോഴിതാ ടീമിനൊപ്പമുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ആര്‍സിബിക്കെതിരെ റായ്പൂരിലാണ് മുംബയ് ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. എന്നാല്‍ മുംബയില്‍ നിന്ന് റായ്പൂരിലേക്ക് പുറപ്പെട്ട ടീമിനൊപ്പം ഹാര്‍ദിക് ഇല്ല.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പുറം വേദന കാരണം ഹാര്‍ദിക് കളിച്ചിരുന്നില്ല. സൂര്യകുമാര്‍ യാദവാണ് ഈ മത്സരത്തില്‍ ടീമിനെ നയിച്ചത്. മുംബയ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ താരങ്ങള്‍ എത്തിയപ്പോള്‍ ഹാര്‍ദിക്കിന്റെ അഭാവം ശ്രദ്ധ നേടുകയായിരുന്നു. വൈകാതെ ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. മത്സരം നടക്കുന്ന റായ്പൂരിലേക്ക് പാണ്ഡ്യ എത്തില്ലെന്നാണ് വിവരം. എന്നാല്‍ ഇതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കേണ്ടതില്ലെന്നും പുറം വേദനയില്‍ നിന്ന് മുക്തനാകുന്നതിന് വേണ്ടി താരം വിശ്രമത്തിലാണെന്നുമാണ് മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നായകനെന്ന നിലയില്‍ പൂര്‍ണ പരാജയമാണ് മൂന്ന് സീസണിലും പാണ്ഡ്യ. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് എത്തിയത് മാത്രമാണ് ആശ്വാസം. ബാറ്റിംഗിലും ബൗളിംഗിലും താരം തിളങ്ങുന്നില്ല. ഇതോടെയാണ് ഹാര്‍ദിക്കിനെ മാനേജ്‌മെന്റ് ചോദ്യം ചെയ്യുന്നത്. ടീമിലേക്ക് 2024 സീസണിന് മുന്നോടിയായി തിരിച്ചെത്തുകയും നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തുവെങ്കിലും സീനിയര്‍ താരങ്ങളുമായി ഉള്‍പ്പെടെ അത്ര നല്ല ബന്ധമല്ല ഹാര്‍ദിക്കിന്.
അടുത്ത സീസണില്‍ പുതിയ നായകന് കീഴില്‍ മുംബയ് ഇന്ത്യന്‍സിനെ ഇറക്കാനാണ് മാനേജ്‌മെന്റിന് താത്പര്യം. നായകസ്ഥാനം ഉണ്ടാകില്ലെന്നും ഒരു താരമെന്ന നിലയില്‍ തുടരാമെന്ന ഓഫറാകും ഹാര്‍ദിക്കിന് മുന്നില്‍ മാനേജ്‌മെന്റ് വയ്ക്കുക. എന്നാല്‍ ഇത് താരം അംഗീകരിക്കുമോയെന്ന് കാത്തിരുന്ന് കാണണം. എന്തായാലും റായ്പൂരിലേക്കുള്ള ടീമിന്റെ യാത്രയില്‍ നിന്ന് ഹാര്‍ദിക് വിട്ടുനില്‍ക്കുന്നത് വെറും പരിക്ക് കാരണം മാത്രമല്ല എന്നാണ് വിവിധ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.