ക്രുണാലിന്റെ കോളറിൽ പിടിച്ചുതള്ളി നിക്കോളാസ് പൂരൻ: ചോദ്യം ചെയ്ത് ആരാധകർ

Saturday 09 May 2026 1:55 PM IST

ലഖ്‌നൗ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിനിടെ നിക്കോളാസ് പൂരൻ ക്രുണാൽ പാണ്ഡ്യയുടെ കോളറിൽ പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് ആരാധകർ ആരോപിക്കുന്നത്. ലഖ്‌നൗ താരം നിക്കോളാസ് പൂരൻ ബാറ്റ് ചെയ്യുന്നതിനിടെ എതിർ ടീമായ ബംഗളൂരു താരം ക്രുണാൽ ബൗൺസർ എറി‌ഞ്ഞതിനെത്തുടർന്ന് ഇരുവരും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. ഉടനെ തന്നെ അത് അവസാനിക്കുകയും ചെയ്തു.

എന്നാൽ, മത്സരം കഴിഞ്ഞ് രണ്ടാം ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ നിക്കോളാസ് പൂരൻ ക്രുണാലിനോട് മോശം ആംഗ്യങ്ങൾ കാണിക്കുന്നതായും തുടർന്ന് കോളറിൽ പിടിച്ച് തള്ളുന്നതും കാണാൻ സാധിക്കും. പിന്നീട് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ ഇവരുടെ അടുത്തേക്ക് വരുന്നതും ഇരുവരുമായും സംസാരിക്കുന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ചുകഴിഞ്ഞ് ഇരുവരും പുഞ്ചിരിക്കുകയും സൗഹൃദപരമായി സംസാരിക്കുകയും ചെയ്തു. നിക്കോളാസ് പൂരൻ ചെയ്ത പ്രവൃത്തിയെ ബാംഗ്ളൂർ ആരാധകർ ശക്തമായാണ് വിമർശിക്കുന്നത്.

എന്നാൽ, തങ്ങൾക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും അടുത്ത സുഹൃത്തുക്കളാണെന്നും ക്രുണാൽ പാണ്ഡ്യ വ്യക്തമാക്കി. ഐപിഎല്ലിൽ നൂറാമത്തെ മത്സരം പൂർത്തിയാക്കുന്ന നിക്കോളാസ് പൂരന് ആശംസകൾ നേർന്നിട്ട ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ക്രുണാൽ പാണ്ഡ്യ ഇരുവർക്കുമിടയിലെ സൗഹൃദം വ്യക്തമാക്കിയത്. ഇരുവരും മുമ്പ് ലഖ്‌നൗ സൂപ്പർ ജയന്റ്സിൽ ഒരുമിച്ച് കളിച്ചവരാണ്.

വീഡിയോ,​