SignIn
Kerala Kaumudi Online
Sunday, 31 May 2026 12.53 AM IST

അന്ന് ധോണിയെ പുറത്താക്കിയപ്പോൾ തുള്ളിച്ചാടി, അദ്ദേഹത്തിന് ദേഷ്യം വന്നു'; വെളിപ്പെടുത്തലുമായി മുൻ സഹതാരം

ashwin-dhoni

മുംബയ്:കരിയറിന്റെ തുടക്കകാലത്ത് ചലഞ്ചർ ട്രോഫിയിൽ വച്ച് എം.എസ് ധോണിയെ പുറത്താക്കിയപ്പോൾ താൻ നടത്തിയ അമിതാഘോഷം ധോണിയെ ചൊടിപ്പിച്ചെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ജിയോ സ്റ്റാറിന്റെ 'ദി രവിചന്ദ്രൻ അശ്വിൻ എക്സ്പീരിയൻസ്' എന്ന പരിപാടിയിലാണ് തന്റെ പഴയകാല ഓർമ്മകൾ താരം പങ്കുവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്‌സിൽ മുത്തയ്യ മുരളീധരൻ എന്ന ഇതിഹാസം ഉള്ളതുകൊണ്ട് തുടക്കകാലത്ത് തനിക്ക് ഐപിഎല്ലിൽ അവസരങ്ങൾ കുറവായിരുന്നുവെന്ന് അശ്വിൻ ഓർത്തെടുത്തു. 2009ലാണ് താരം സിഎസ്‌കെയിൽ അരങ്ങേറ്റം കുറിച്ചത്.

'തുടക്കത്തിൽ ടീമിൽ മുത്തയ്യ മുരളീധരനെപ്പോലൊരു ഇതിഹാസം ഉള്ളതിനാൽ എനിക്ക് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹം അന്ന് മികച്ച ഫോമിലായിരുന്നു. 2008ൽ എനിക്ക് കളിക്കാൻ പറ്റിയില്ല. 2009ൽ കേപ് ടൗണിൽ മുംബയ് ഇന്ത്യൻസിനെതിരെ കളിച്ചുകൊണ്ടാണ് ഞാൻ തുടങ്ങിയത്. പക്ഷേ 2010 വരെയും എനിക്ക് ടീമിൽ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല.

ആ സമയത്താണ് ചലഞ്ചർ ട്രോഫിയിൽ എനിക്ക് ധോണിക്കെതിരെ ബൗൾ ചെയ്യാൻ ചാൻസ് ലഭിച്ചത്. കളിയിൽ അദ്ദേഹം രണ്ട് തവണയാണ് ഞങ്ങളുടെ ടീമിനെതിരെ പുറത്തായത്. ഒരിക്കൽ ഡീപ് കവറിൽ വച്ച് ഒരു കിടിലൻ ഡൈവിംഗ് ക്യാച്ചിലൂടെ ഞാൻ അദ്ദേഹത്തെ പുറത്താക്കി. വിക്കറ്റ് എടുത്തതിന്റെ ആവേശത്തിൽ ഞാൻ അമിതമായി ആഘോഷിച്ചു. സത്യം പറഞ്ഞാൽ അത് കണ്ട് ധോണിക്ക് ദേഷ്യം വന്നു. 'ഇതിലിപ്പോ ഇത്ര ആഘോഷിക്കാൻ എന്തിരിക്കുന്നു?' എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാവം. 'നിങ്ങളുടെ വിക്കറ്റ് എടുക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു, ഒരുപക്ഷേ ഇത് സിഎസ്‌കെയിലേക്കുള്ള എന്റെ വഴി തുറന്നേക്കുമെന്ന് ഞാൻ മറുപടിയും നൽകി. അടുത്ത വർഷം തന്നെ എനിക്ക് ടീമിൽ അവസരം കിട്ടുകയും ചെയ്തു.

ബാറ്റിംഗിൽ മാത്രമല്ല ബൗളിംഗിലും മികച്ച താരങ്ങളുള്ള ടീമായിരുന്നു അന്നത്തെ ചെന്നൈ ടീം. ഞാനും മുരളി വിജയിയും ബദ്രിനാഥും ഷദാബ് ജക്കാത്തിയുമൊക്കെ ആഭ്യന്തര തലത്തിൽ നിന്ന് വന്നവരാണ്. ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ടെൻഷനും ചെന്നൈ നൽകാറില്ലായിരുന്നു. വീട്ടുകാരുടെ യാത്ര, താമസം, ടിക്കറ്റ് അങ്ങനെ എല്ലാ കാര്യങ്ങളും ടീം മാനേജ്‌മെന്റ് നോക്കും. അതുകൊണ്ട് സമ്മർദ്ദമില്ലാതെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾക്ക് സാധിച്ചു.

ഐപിഎല്ലിന്റെ അവസാന കാലത്ത് വീണ്ടും സിഎസ്‌കെയിൽ എത്താൻ കഴിഞ്ഞപ്പോൾ എവിടെയാണോ തുടങ്ങിയത് അവിടെത്തന്നെ കരിയർ അവസാനിപ്പിക്കാമെന്ന് ഞാൻ കരുതി. രണ്ട് മൂന്ന് വർഷം കൂടി കളിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അത് നടന്നില്ല. എങ്കിലും തുടങ്ങിയ ഇടത്തുതന്നെ ഒടുവിൽ തിരിച്ചെത്താനായി. ചെപ്പോക്കിൽ കളിച്ച് കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്റെ അവസാന ഐപിഎൽ മത്സരം ഡൽഹിയിലായിരുന്നു. അവസാന ഏകദിനം ചെപ്പോക്കിലായിരുന്നു കളിച്ചത്. ആ മൈതാനവുമായി ഒരുപാട് ഓർമ്മകളുണ്ട്.

ഇന്നത്തെ ക്രിക്കറ്റ് ഒരുപാട് മാറി. പുതിയ തലമുറയിലെ താരങ്ങൾ സ്പിന്നർമാരെ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. 14കാരനായ വൈഭവ് സിക്സറുകൾ പായിക്കുന്നത് കണ്ടപ്പോൾ പന്തിന്റെ വേഗത കുറച്ച് അവനെ കുടുക്കാൻ ശ്രമിച്ചെങ്കിലും താരം അതിനെ ബുദ്ധിപരമായാണ് നേരിട്ടത്. സഞ്ജു സാംസണിന്റെ വിക്കറ്റ് വീഴ്ത്തിയത് കൃത്യമായ തന്ത്രത്തിലൂടെയായിരുന്നു. വൈഭവിനെപ്പോലെയുള്ള വളർന്നുവരുന്ന പ്രതിഭകളെ സമ്മർദ്ദത്തിലാക്കാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം'- അശ്വിൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, R ASHWIN, DHONI, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360