ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ബാറ്റിംഗ് വെടിക്കെട്ട്; മുംബയ്ക്ക് വീണ്ടും കൂറ്റന്‍ വിജയലക്ഷ്യം

Monday 04 May 2026 9:30 PM IST

മുംബയ്: ഐപിഎല്ലില്‍ തല്ല് വാങ്ങി കൂട്ടുന്ന പതിവ് തുടര്‍ന്ന് മുംബയ് ഇന്ത്യന്‍സ് ബൗളര്‍മാര്‍. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുംബയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി നിശ്ചിത 20 ഓവറുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ നിക്കോളാസ് പൂരന്‍ ആണ് ലക്‌നൗ നിരയിലെ ടോപ് സ്‌കോറര്‍. പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് മുംബയും ലക്‌നൗവും.

ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 44(25), ജോഷ് ഇംഗ്ലിസ് 13(5) നിക്കോളാസ് പൂരന്‍ 63(21) എന്നിവര്‍ അതിവേഗം റണ്ണടിച്ച് കൂട്ടിയപ്പോള്‍ ലക്‌നൗ കുതിച്ചു. ക്യാപ്റ്റന്‍ റിഷഭ് പന്ത് 15(10), എയ്ഡന്‍ മാര്‍ക്രം 31*(25) അക്ഷാന്ത് രഘുവംശി 11(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഹിമ്മത്ത് സിംഗ് 40*(31) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബയ്ക്കായി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. എ. ഗസന്‍ഫാര്‍, വില്‍ ജാക്‌സ്, രഘു ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മോശം ഫോമിലുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്നും തിളങ്ങിയില്ല. നാല് ഓവറുകളില്‍ നിന്ന് 45 റണ്‍സാണ് താരം വഴങ്ങിയത്. മറ്റൊരു പേസറായ ദീപക് ചഹാറും കണക്കിന് തല്ല് വാങ്ങി. നാല് ഓവറുകളില്‍ നിന്ന് 43 റണ്‍സാണ് താരം വഴങ്ങിയത്. ഇരുവര്‍ക്കും ഒരു വിക്കറ്റ് പോലും വീഴ്ത്താനും കഴിഞ്ഞില്ല.