പ്രവാസികള്‍ക്ക് ആശ്വാസം; നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന പിഴയെന്ന് തൊഴില്‍ മന്ത്രാലയം

Sunday 03 May 2026 10:55 PM IST

മസ്‌കറ്റ്: വേനല്‍ക്കാലത്ത് തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ പിഴയെന്ന് മുന്നറിയിപ്പ്. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് 500 മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പിഴയ്ക്ക് പുറമേ മറ്റ് നിയമനടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മന്ത്രാലയത്തിലെ ഒക്യുപേഷണല്‍ സേഫ്റ്റി വിഭാഗം മേധാവി ദാവൂദ് ബിന്‍ സുലൈമാന്‍ അല്‍ ഗഫ്രിയാണ് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജൂണ്‍ - മുതല്‍ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസങ്ങളിലാണ് ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഈ മാസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖലകളിലും മറ്റ് തുറസ്സായ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന തൊഴിലിടങ്ങളിലും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പരിശോധനകള്‍ ആരംഭിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

നിരോധിത സമയങ്ങളില്‍ ജോലി ചെയ്യിപ്പിക്കുക, ഷിഫ്റ്റുകള്‍ പുനഃക്രമീകരിക്കാതിരിക്കുക, മതിയായ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കാതിരിക്കുക എന്നിവ നിയമലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അടിയന്തര സേവന വിഭാഗങ്ങള്‍ തുടങ്ങിയ മേഖലകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മന്ത്രാലയത്തെ അറിയിക്കണമെന്ന് പൊതുജനങ്ങളോടും നിര്‍ദേശിച്ചിരുന്നു.