ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിലും ഉൾപ്പെടുത്തിയില്ല; അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് പ്രമുഖ ഇന്ത്യൻ താരം

Friday 11 August 2023 3:30 PM IST

മുംബയ്: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും തന്നെ ഒഴിവാക്കിയെന്നറിഞ്ഞപ്പോൾ ആദ്യം ഞെട്ടിയെന്ന് പ്രമുഖ താരം ശിഖർ ധവാൻ. പിന്നീട് ഇത് അംഗീകരിച്ചെന്നും യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദ് ഇന്ത്യൻ ടീമിനെ നയിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശിഖർ ധവാൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

'ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ എന്റെ പേര് കാണാതിരുന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നാൽ, മാനേജ്‌മെന്റ് ചിന്തിക്കുന്നത് മറ്റ് ചില കാര്യങ്ങളായിരിക്കാം. അവരുടെ തീരുമാനം എന്തായാലും ഞാനത് സ്വീകരിച്ചേ മതിയാകൂ. ഇന്ത്യൻ ടീമിനെ ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യൻ ടീമിൽ ഉള്ളത് യുവ താരങ്ങളാണ്. അവർ നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരാൻ ഞാൻ തയ്യാറെടുക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും ഫിറ്റ്‌നസ് നിലനിർത്താൻ ഞാൻ പരിശ്രമിക്കുന്നുണ്ട്.' - ധവാൻ പറഞ്ഞു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാ‌ഡമിയിലാണ് ധവാൻ ഇപ്പോൾ പരിശീലിക്കുന്നത്.

'ക്രിക്കറ്റ് പരിശീലനം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. കളിക്കുന്ന കാര്യത്തിൽ ടീം എന്ത് തീരുമാനം എടുത്താലും ഞാൻ അതിനെ ബഹുമാനിക്കും. ഞാൻ സെലക്ടർമാരുമായി സംസാരിച്ചിരുന്നില്ല. പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാ‌ഡമിയിലെ പരിശീലനം തുടരും. അടുത്ത ഐപിഎൽ സീസണിനായി തയ്യാറെടുക്കേണ്ടതുണ്ട്. സയിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ എന്നീ ടൂർണമെന്റുകളിലും കളിക്കാനാകുമെന്നാണ് പ്രതീക്ഷ.– ധവാൻ പറഞ്ഞു.