സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്
ന്യൂഡൽഹി : ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. ഇന്നലെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയപ്പോൾ രാജസ്ഥാന്റെ മറുപടി 188/4ൽ അവസാനിച്ചതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് അഞ്ച് ബാളിൽ 11 റൺസ് നേടുന്നതിനിടെ രണ്ട് ബാറ്റർമാരും പുറത്തായി . 12 റൺസ് ലക്ഷ്യവുമായിറങ്ങിയ ഡൽഹി നാലാം പന്തിൽ സിക്സ് പറത്തി ലക്ഷ്യത്തിലെത്തി.
നേരത്തേ അഭിഷേക് പൊറേൽ (49), കെ.എൽ രാഹുൽ (38),ട്രിസ്റ്റൺ സ്റ്റബ്സ് (34 നോട്ടൗട്ട്), അക്ഷർ പട്ടേൽ (34), അശുതോഷ് ശർമ്മ (15 നോട്ടൗട്ട് ) എന്നിവരുടെ കൂട്ടായ പോരാട്ടമാണ് ഡൽഹിയെ 188ലെത്തിച്ചത്. രാജസ്ഥാന് വേണ്ടി ഓപ്പണർ യശസ്വി ജയ്സ്വാളും (51), നിതീഷ് റാണയും (51) അർദ്ധസെഞ്ച്വറികൾ നേടി. നായകൻ സഞ്ജു 19 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി 31 റൺസിൽ നിൽക്കവേ റിട്ടയേഡ് ഹർട്ടായി. ധ്രുവ് ജുറേൽ 26 റൺസ് നേടി.
അഭിഷേകും ജേക്ക് ഫ്രേസർ മക്ഗുർക്കും (9) ചേർന്നാണ് ഡൽഹിക്ക് വേണ്ടി ഓപ്പണിംഗിനെത്തിയത്. മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ ആർച്ചർ മക്ഗുർക്കിനെ യശസ്വിയുടെ കയ്യിലെത്തിച്ചു. പകരമിറങ്ങിയ കരുൺ നായർ അടുത്ത ഓവറിന്റെ ആദ്യ പന്തിൽ റൺഔട്ടായതോടെ ഡൽഹി 34/2 എന്ന നിലയിലായി. തുടർന്ന് കളത്തിലിറങ്ങിയ രാഹുൽ പൊറേലിനൊപ്പം മൂന്നാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ മുന്നോട്ടുനയിച്ചു. 13-ാം ഓവറിൽ രാഹുലിനെ ഹെറ്റ്മേയറിന്റെ കയ്യിലെത്തിച്ച് ആർച്ചർ സഖ്യം പൊളിച്ചു. 32 പന്തുകളിൽ രണ്ട് വീതം ഫോറും സിക്സുമാണ് രാഹുൽ പറത്തിയത്. അടുത്ത ഓവറിൽ പൊറേലിനെ ഹസരംഗ മടക്കി അയച്ചു. തുടർന്ന് അക്ഷറും സ്റ്റബ്സും ചേർന്ന് 17 ഓവറിൽ 146/5ലെത്തിച്ചു.
14 പന്തുകളിൽ നാലുഫോറും രണ്ട് സിക്സുമടക്കം 34 റൺസ് നേടിയ അക്ഷറിനെ 17-ാം ഓവറിൽ മഹീഷ് തീഷ്ണയാണ് മടക്കി അയച്ചത്.ജുറേലിനായിരുന്നു ക്യാച്ച്.അവസാന ഓവറുകളിൽ സ്റ്റബ്സും അശുതോഷും ആഞ്ഞടിച്ച് 188ലെത്തിക്കുകയായിരുന്നു. 18 പന്തുകൾ നേരിട്ട സ്റ്റബ്സ് രണ്ടുവീതം ഫോറും സിക്സുമടിച്ചു. 11 പന്തുകളിലാണ് അശുതോഷ് 15 റൺസ് നേടിയത്.
സഞ്ജുവിനും കുൽദീപിനും പരിക്ക്
ഇന്നലെ നടന്ന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് രാജസ്ഥാന്റെ മലയാളി നായകൻ സഞ്ജു സാംസണിന് ബാറ്റിംഗ് ഇടയ്ക്ക് വച്ച് നിറുത്തി മടങ്ങേണ്ടിവന്നു. 31 റൺസുമായി ക്രീസിൽതുടരുമ്പോഴാണ് സഞ്ജുവിന് റിട്ടയേഡ് ഹർട്ടാകേണ്ടിവന്നത്. ഫിസിയോ തെറാപ്പിസ്റ്റിന്റെ സഹായം തേടിയശേഷം ഡ്രെസിംഗ് റൂമിൽ വിശ്രമിക്കുകയായിരുന്ന നായകൻ സൂപ്പർ ഓവറിന്റെ സമയത്ത് ടീമിനൊപ്പമെത്തിയെങ്കിലും കളിക്കാൻ ഇറങ്ങിയില്ല. ധ്രുവ് ജുറേലാണ് സൂപ്പർ ഓവറിൽ വിക്കറ്റ് കീപ്പ് ചെയ്തത്. കൈവിരലിലെ പരിക്ക് മൂലം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ കീപ്പിംഗിൽ നിന്ന് വിട്ടുനിന്നിരുന്ന സഞ്ജു ഇംപാക്ട് സബ്ബായാണ് കളിച്ചത്.
ഒരു ബൗണ്ടറി തടയുന്നതിനിടെയാണ് ഡൽഹി സ്പിന്നർ കുൽദീപ് യാദവിന് പരിക്കേറ്റത്. ഇടംകയ്യൻ സ്പിന്നറായ കുൽദീപിന്റെ ഇടതുതോളിനാണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |