
ഇന്ത്യ , ശ്രീലങ്ക വനിതാ ക്രിക്കറ്റ് താരങ്ങൾ ഇന്ന് തിരുവനന്തപുരത്ത്,
അവധിക്കാലം ആഘോഷമാക്കാൻ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ
തിരുവനന്തപുരം : ട്വന്റി-20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 5.40ന് പ്രത്യേക വിമാനത്തിലാണ് ടീമെത്തുക. ഡിസംബർ 26,28,30 തീയതികളിലായാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ - ശ്രീലങ്ക ട്വന്റി-20 മത്സരങ്ങൾ. ചരിത്രത്തിലാദ്യമായി ഏകദിന വനിതാ ലോകകപ്പ് നേടിയ ശേഷമുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ പരമ്പരയാണിത്. ഫോർമാറ്റിൽ വ്യത്യാസമുണ്ടെങ്കിലും ഹർമൻപ്രീത് കൗറും, സ്മൃതി മാന്ഥനയും ദീപ്തി ശർമ്മയും ജമീമ റോഡ്രിഗസും ഉൾപ്പടെ ലോകകപ്പ് നേടിയ ടീമിലെ പ്രധാനതാരങ്ങളെല്ലാം തിരുവനന്തപുരത്തെത്തുന്നുണ്ട്. ഹയാത്ത് റീജൻസിയിലാണ് താമസം. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ ശ്രീലങ്കൻ ടീമും, വൈകിട്ട് ആറു മുതൽ രാത്രി ഒൻപതുവരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
ഇന്ത്യ-ശ്രീലങ്ക മത്സരങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വനിതകൾക്കും വിദ്യാർത്ഥികൾക്കും 125 രൂപയും, ജനറൽ ടിക്കറ്റിന് 250 രൂപയും ഹോസ്പ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയുമാണ് നിരക്കുകൾ. ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ചറിയാനും മാർഗനിർദ്ദേശങ്ങൾ മനസ്സിലാക്കാനും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വെബ്‌സൈറ്റും സാമൂഹിക മാധ്യമ പേജുകളും സന്ദർശിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |