പോയ പോക്കിൽ ലക്നൗ വക ചെന്നൈക്കൊരു ചവിട്ട്
ലക്നൗ : ജയിച്ചാലും പ്ളേ ഓഫിലേക്ക് കടക്കില്ലെന്ന് ഉറപ്പായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്. പക്ഷേ കഴിഞ്ഞരാത്രി അവർ വിജയിച്ചതോടെ അടികിട്ടിയത് ചെന്നൈ സൂപ്പർ കിംഗ്സിനാണ്. തുടക്കത്തിലെ തകർച്ചകൾക്ക് ശേഷം പ്ളേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ജയിച്ചുവരികയായിരുന്ന ചെന്നൈയ്ക്ക് ലക്നൗവിൽ നിന്നേറ്റ തോൽവി ഒരു പക്ഷേ പ്ളേ ഓഫിലേക്കുള്ള വാതിലടച്ചുകളഞ്ഞേക്കാം.
ലക്നൗ സൂപ്പർ ജയന്റ്സ് ഏഴുവിക്കറ്റിനാണ് ചെന്നൈയെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ ചെന്നൈ 187 റൺസ് നേടി. മറുപടിക്കിറങ്ങിയ ലക്നൗ 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 38 പന്തുകളിൽ ഒൻപത് ഫോറുകളും ഏഴുസിക്സുമടക്കം 90 റൺസ് നേടിയ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിസും (36), നിക്കോളാസ് പുരാനുമാണ് (32 നോട്ടൗട്ട്) ലക്നൗവിന്റെ ചേസിംഗ് വിജയത്തിന് ചുക്കാൻ പിടിച്ചത്.
നേരത്തേ പേസർ ആകാശ് സിംഗിന്റെ മാസ്മരിക സ്പെല്ലിന് മുന്നിലാണ് ചെന്നൈ മുൻനിര വീണുപോയത്. റുതുരാജ് ഗെയ്ക്ക്വാദ്,സഞ്ജു സാംസൺ,ഉർവിൽ പട്ടേൽ എന്നിവരെയാണ് ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ ആകാശ് പുറത്താക്കിയത്. പിന്നീട് അർദ്ധസെഞ്ച്വറി നേടിയ കാർത്തിക് ശർമ്മയും (42 പന്തുകളിൽ ആറുഫോറുകളും അഞ്ച് സിക്സുകളുമടക്കം 71 റൺസ്) അവസാന ഓവറുകളിൽ ശിവം ദുബെയും (16 പന്തുകളിൽ 32 റൺസ്), ഡെവാൾഡ് ബ്രെവിസും (16പന്തുകളിൽ 25 റൺസ്) ചേർന്നാണ് ചെന്നൈയെ 187ൽ എത്തിച്ചത്.
ഈ സീസണിൽ 12 മത്സരങ്ങളിൽ ആറാം തോൽവി വഴങ്ങിയ ചെന്നൈ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. നാലാമത്തെ ജയം നേടിയ ലക്നൗ അവസാന സ്ഥാനത്തും. തിങ്കളാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനും വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റാൻസിനു എതിരെയുമാണ് ചെന്നൈയുടെ ശേഷിക്കുന്ന മത്സരങ്ങൾ. ഇത് രണ്ടും ജയിച്ചാലു പ്ളേഓഫിലേക്ക് കടക്കാനാകുമെന്ന് ഉറപ്പില്ല.