ബയേൺ മ്യൂണിക്ക് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ബാഴ്സലോണയെ തോൽപ്പിച്ചു
ബാഴ്സലോണ രണ്ട് പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ കാണാതെ പുറത്ത്
സമനിലയായെങ്കിലും ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീ ക്വാർട്ടറിൽ
മ്യൂണിക്ക് : എക്കാലത്തെയും ഇതിഹാസതാരം സാവി ഹെർണാണ്ടസിനെ സാക്ഷിയാക്കി സമാനതകളില്ലാത്ത തിരിച്ചടിയിൽ തകർന്ന് സ്പാനിഷ് ക്ളബ് ബാഴ്സലോണ. സമീപകാലം വരെ യൂറോപ്യൻ ഫുട്ബാളിന്റെ തലതൊട്ടപ്പന്മാരായി വിരാജിച്ചിരുന്ന ബാഴ്സ കഴിഞ്ഞ രാത്രി ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനോട് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോറ്റ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ കടക്കാതെ പുറത്താവുകയായിരുന്നു. സൂപ്പർ താരം ലയണൽ മെസിയുടെ പടിയിറക്കത്തോടെ ദുർബലമായിത്തീർന്ന കളിനീക്കങ്ങൾക്ക് സാവിയെ പരിശീലകനാക്കിയെത്തിച്ച് ജീവൻ പകരാമെന്ന പ്രതീക്ഷകളാണ് ഇൗ തോൽവിയോടെ തകർന്നടിഞ്ഞത്.
ഗ്രൂപ്പ് എയിൽ നടന്ന നിർണായക മത്സരത്തിൽ തോമസ് മുള്ളർ (34-ാം മിനിട്ട്),ലെറോയ് സാനേ(43),മുസൈല(62) എന്നിവർ നേടിയ ഗോളുകൾക്കാണ് ബയേണിന്റെ വിജയം. ബാഴ്സയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരത്തിലും ബയേൺ ഇതേ സ്കോറിന് ജയിച്ചിരുന്നു. ഇതോടെ ലീഗിലെ ആറുമത്സരങ്ങളിലും വിജയം കണ്ട ബയേൺ 18 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതായി. കഴിഞ്ഞ രാത്രി ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ളബ് ബെൻഫിക്ക 2-0ത്തിന് ഉക്രേനിയൻ ക്ളബ് ഡൈനമോ കീവിനെ കീഴടക്കി എട്ടുപോയിന്റിലെത്തി. ഇതോടെ ഏഴുപോയിന്റുമായി മൂന്നാം സ്ഥാനത്തായ ബാഴ്സ പുറത്താവുകയായിരുന്നു.
വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സയുടെ വിധി ആദ്യ പകുതിയിൽ തന്നെ വ്യക്തമായിരുന്നു. ബയേണിന്റെ കളി മുറ്റത്ത് മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ സാവിയുടെ ശിഷ്യർ ബുദ്ധിമുട്ടി. എന്നാൽ ബയേൺ നിരന്തരം ആക്രമണങ്ങളുമായി കളിനിറഞ്ഞ് കളിച്ചു. 30-ാം മിനിട്ടിൽ ജോർഡി ആൽബ പരിക്കേറ്റ് പിന്മാറിയതും ബാഴ്സയ്ക്ക് തിരിച്ചടിയായി.
34-ാം മിനിട്ടിൽ തോമസ് മുള്ളറിലൂടെയാണ് ബയേൺ ആദ്യ വെടിപൊട്ടിച്ചത്. ലെവൻഡോവ്സ്കിയുടെ പാസിൽ നിന്നായിരുന്നു മുള്ളറുടെ ഗോൾ.ആദ്യ പകുതി അവസാനിക്കും മുമ്പ് ബോക്സിന് പുറത്തുനിന്നുള്ള ഒരു ഷോട്ട് വലയിലെത്തിച്ച് ലെറോയ് സാനെ ബാഴ്സയെ സമ്മർദ്ദത്തിലാക്കി.
62-ാം മിനിട്ടിൽ ജമാൽ മുസൈല കൂടി ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ വിധി കുറിക്കപ്പെട്ടു.
മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും സമനില വഴങ്ങിയെങ്കിലും നോക്കൗട്ടിലെത്തി.ഗ്രൂപ്പ് എച്ചിൽ റഷ്യൻ ക്ളബ് സെനിത്താണ് 3-3ന് ചെൽസിയെ തളച്ചത്. സെനിത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം മിനിട്ടിൽ ടിമോ വെർണറിലൂടെ ചെൽസിയാണ് മുന്നിലെത്തിയിരുന്നത്. എന്നാൽ 38-ാം മിനിട്ടിൽ ക്ളോഡീന്യോയും 41-ാം മിനിട്ടിൽ അസ്മൗനും നേടിയ ഗോളുകൾ സെനിത്തിന് ലീഡ് നൽകി.62-ാം മിനിട്ടിൽ ലുക്കാക്കു കളി സമനിലയിലാക്കി. 85-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടിയ വെർണർ ചെൽസിയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും ഇൻജുറി ടൈമിന്റെ നാലാംമിനിട്ടിൽ ഒസ്ദൊയേവിലൂടെ സെനിത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു.
എച്ച് ഗ്രൂപ്പിലെ രണ്ടാമന്മാരായാണ് ചെൽസി പ്രീ ക്വാർട്ടറിലെത്തിയത്. അവസാനമത്സരത്തിൽ മാൽമോയെ 1-0ത്തിന് കീഴടക്കിയ ഇറ്റാലിയൻ ക്ളബ് യുവന്റസാണ് ചെൽസിയെ മറികടന്ന് ഒന്നാമതെത്തിയത്. 18-ാം മിനിട്ടിൽ മോയ്സ് കീൻ നേടിയ ഗോളിനായിരുന്നു യുവയുടെ ജയം.
ഗ്രൂപ്പ് എഫിലെ തങ്ങളുടെ അവസാനമത്സരത്തിൽ യംഗ്ബോയ്സിനോട് 1-1ന് സമനിലയിൽ പിരിഞ്ഞെങ്കിലും ഗ്രൂപ്പിലെ ഒന്നാമന്മാരായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ ക്വാർട്ടറിലെത്തിയത്.ഒൻപതാം മിനിട്ടിലെ ഗ്രീൻ വുഡിന്റെ ഗോളിലൂടെ മുന്നിലെത്തിയ യുണൈറ്റഡിനെ 42-ാം മിനിട്ടിലെ റൈഡറുടെ ഗോളിലൂടെയാണ് യംഗ്ബോയ്സ് തളച്ചത്. അറ്റലാന്റയും വിയ്യാറയലും തമ്മിലുള്ള മത്സരശേഷമേ ഗ്രൂപ്പിലെ രണ്ടാന്മാരെ അറിയാനാകൂ.
ഗ്രൂപ്പ് ജിയിൽ നിന്ന് ലില്ലെയും സാൽസ്ബർഗുമാണ് പ്രീ ക്വാർട്ടറിലെത്തിയത്. അവസാന മത്സരങ്ങളിൽ ലില്ലെ 3-0ത്തിന് വോൾവ്സ്ബർഗിനെയും സാൽസ്ബർഗ് 1-0ത്തിന് സെവിയ്യയെയും തോൽപ്പിച്ചു.
ബാഴ്സയുടെ മ്യൂണിക്ക് ട്രാജഡി
ഗ്രൂപ്പ് ഘട്ടത്തിൽ ആറിൽ മൂന്ന് കളികളിലും തോറ്റ് മൂന്നാം സ്ഥാനത്തേക്ക് വീണ ബാഴ്സ അടുത്തസീസണിൽ രണ്ടാം ഡിവിഷനായ യൂറോപ്പ ലീഗിലേക്ക് തരം താഴ്ത്തപ്പെട്ടു.
2000-01 സീസണിനു ശേഷം ഇതാദ്യമായാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതിരിക്കുന്നത്.
യൂറോപ്പ ലീഗ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ബാഴ്സലോണ ഈ ടൂർണമെന്റിൽ കളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.
ഗ്രൂപ്പ് റൗണ്ടിലെ ബാഴ്സ
1.ബയേണിനോട് 3-0ത്തിന് തോൽവി
2.ബെൻഫിക്കയോടും 3-0ത്തിന് തോറ്റു
3.ഡൈനമോ കീവിനെ 1-0ത്തിന് കീഴടക്കി
4. കീവിനെ ഇതേമാർജിനിൽ വീണ്ടും തോൽപ്പിച്ചു
5.ബെൻഫിക്കയോട് ഗോൾരഹിത സമനില
6.ബയേണിനോട് 3-0ത്തിന് തോൽവി
മത്സരഫലങ്ങൾ
യുവന്റസ് 1-മാൽമോ 0
ചെൽസി 3- സെനിത്ത് 3
ബയേൺ 3-ബാഴ്സ 0
ബെൻഫിക്ക2-ഡൈനമോ 0
മാഞ്ചസ്റ്റർ യു.1-യംഗ് ബോയ്സ് 1
സാൽസ് ബർഗ്1-സെവിയ്യ 0
ലില്ലെ 3-വോൾവ്സ്ബർഗ് 0
പോയിന്റ് ടേബിൾ
ഗ്രൂപ്പ് ഇ
ബയേൺ 6-6-0-0-18
ബെൻഫിക്ക 6-2-2-2-8
ബാഴ്സലോണ 6-2-1-3-7
ഡൈനമോ 6-0-1-5-1
ഗ്രൂപ്പ് എഫ്
മാൻ.യുണൈ. 6-3-2-1-11
വിയ്യാറയൽ 5-2-1-2-7
അറ്റലാന്റ 5-1-3-1-6
യംഗ്ബോയ്സ് 6-1-2-3-5
ഗ്രൂപ്പ് ജി
ലില്ലെ 6-3-2-1-11
സാൽസ്ബർഗ് 6-3-1-2-10
സെവിയ്യ 6-1-3-2-5
വോൾവ്സ്ബർഗ് 6-1-2-3-5
ഗ്രൂപ്പ് എച്ച്
യുവന്റസ് 6-5-0-1-15
ചെൽസി 6-4-1-1-13
സെനിത്ത് 6-1-2-3-5
മാൽമോ 6-0-1-5-1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |