മിലാൻ: യൂറോകപ്പിനിടെ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണതിന് ശേഷം സുഖം പ്രാപിച്ച് പ്രൊഫഷണൽ ഫുട്ബാളിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണുമായുള്ള കരാർ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ റദ്ദാക്കി. ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം പേസ്മേക്കർ ഉപകരണം വെച്ചാണ് താരം ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാൽ ഇത്തരം ഉപകരണങ്ങൾ ശരീരത്തിൽ ഉപയോഗിച്ച് കളിക്കാൻ താരങ്ങളെ അനുവദിക്കില്ലെന്ന ഇറ്റലിയിലെ നിയമമാണ് താരത്തിന്റെ സീരി എ കരിയറിന് തിരശ്ശീലയിടുന്നത്. എറിക്സണ് നന്ദിയറിയിച്ച ഇന്റർ മിലാൻ അദ്ദേഹത്തിന് നിയമ പ്രശ്നമില്ലാത്ത മറ്റൊരു രാജ്യത്ത് കളിക്കാനാകട്ടെയെന്നും ആശംസിച്ചു. ഇന്ററിനായി 60 മത്സരങ്ങൾ കളിച്ചിച്ചുള്ള എറിക്സൺ കഴിഞ്ഞ വർഷം അവരെ സീരി എചാമ്പ്യൻമാരാക്കാൻ പ്രധാന പങ്കുവഹിച്ച താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |