SignIn
Kerala Kaumudi Online
Thursday, 19 September 2024 11.34 AM IST

തിരിച്ചെറിഞ്ഞ് നേടി രാജസ്ഥാൻ

Increase Font Size Decrease Font Size Print Page
ipl

പൂനെ :ബൗളർമാരുടെ മേൽക്കോയ്മ കണ്ട മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ 29 റൺസിന് കീഴടക്കിയ രാജസ്ഥാൻ റോയൽസ് ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഇന്നലെ പൂനെയിൽ ടോസ് നഷ്ടപ്പെട്ടിറങ്ങിയ രാജസ്ഥാൻ എട്ടുവിക്കറ്റ് നഷ്‌ടത്തിൽ 144ലെത്തിയപ്പോൾ ആർ.സി.ബിയു‌ടെ മറുപടി 19.3 ഓവറിൽ 115ൽ അവസാനിക്കുകയായിരുന്നു.

അർദ്ധസെഞ്ച്വറി നേടിയ റിയാൻ പരാഗ് (56*)അവസാന ഓവറുകളിൽ ആഞ്ഞടിച്ചതാണ് രാജസ്ഥാനെ 144ലെത്തിച്ചത്. കുറഞ്ഞസ്കോർ പ്രതിരോധിക്കാനിറങ്ങിയ രാജസ്ഥാനുവേണ്ടി കുൽദീപ് സെൻ 3.3ഓവറിൽ 20 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ മൂന്നുവിക്കറ്റും പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും സ്വന്തമാക്കി.

സഞ്ജുവിനും സംഘത്തിനും തുടക്കത്തിലേ പിഴച്ചു. രണ്ടാം ഓവറിലെ തന്റെ ആദ്യ പന്തിൽ സിക്സടിച്ച് വരവേറ്റ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ (7) നാലാം പന്തിൽ വിക്കറ്റിന് മുന്നിൽകുരുക്കിയാണ് സിറാജ് വേട്ട തുടങ്ങിയത്. പകരമിറങ്ങിയ അശ്വിനെ (17) നാലാം ഓവറിലെ അവസാന പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ സിറാജ് മടക്കി അയച്ചു. അടുത്ത പന്തിൽ ഹേസൽവുഡ് ഈ ടൂർണമെന്റിലെ സെഞ്ച്വറി വീരനായ ജോസ് ബട്ട്‌ലറെയും(8)പുറത്താക്കിയതോടെ രാജസ്ഥാൻ 33/3 എന്ന നിലയിലായി.

തുടർന്ന് നായകൻ സഞ്ജു സാംസണും(27) ഡാരിൽ മിച്ചലും (16) ചേർന്ന് കരകയറ്റാൻ നോക്കിയെങ്കിലും പത്താം ഓവറിൽ ധനഞ്ജയ ഡിസിൽവ സഞ്ജുവിന്റെ സ്റ്റമ്പ് തെറുപ്പിച്ചു. 21 പന്തുകൾ നേരിട്ട സഞ്ജു മൂന്നു സിക്സും ഒരു ഫോറും പായിച്ചിരുന്നു. ടീം 99ലെത്തിയപ്പോൾ മിച്ചലിനെ ഹേസൽവുഡ് കൂടാരം കയറ്റി. വമ്പനടിക്കാരൻഹെറ്റ്മേയറെ 16-ാം ഓവറിൽ ഡിസിൽവ പ്രഭുദേശായിയുടെ കയ്യിലെത്തിച്ചതോടെ രാജസ്ഥാൻ 102/6 എന്ന നിലയിലായി.തുടർന്നാണ് റിയാൻ പരാഗ് അർദ്ധസെഞ്ച്വറി നേടിയത്. 31 പന്തുകൾ നേരിട്ട റിയാൻ നാലു സിക്സും മൂന്നുഫോറും പായിച്ചു.

മറുപടിക്കിറങ്ങിയ ബാംഗ്ളൂരിനും ബാറ്റിംഗിൽ കൈപൊള്ളി.രണ്ടാം ഓവറിൽതന്നെ വിരാട്കൊഹ്‌ലിയെ (9)പ്രസിദ്ധ് കൃഷ്ണ കൂടാരം കയറ്റി. കുൽദീപ് സെൻ എറിഞ്ഞ ഏഴാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ക്യാപ്ടൻ ഡുപ്ളെസിയെയും (23),ഗ്ളെൻ മാക്സ്‌വെലിനെയും (0) നഷ്ടമായത് ആർ.സി.ബിക്ക് വലിയ തിരിച്ചടിയായി. പത്താം ഓവറിൽ രജത് പാട്ടീദാറിനെ (16) അശ്വിൻ ബൗൾഡാക്കിയതോടെ ആർ.സി.ബി 58/4 എന്ന നിലയിലായി. തുടർന്ന് അശ്വിൻ സുയാഷിനെയും (2)ഷഹബാസിനെയും (17) പുറത്താക്കുകയും ദിനേഷ് കാർത്തിക് (6) റൺഒൗട്ടാവുകയും ചെയ്തതോടെ ആർ.സി.ബിയു‌ടെ തോൽവി ഉറപ്പായി. അവസാന ഓവറിൽ ഹർഷൽ പട്ടേലിനെ പുറത്താക്കി കുൽദീപ് സെൻ ആർ.സി.ബിയെ ആൾഒൗട്ടാക്കുകയും നാലുവിക്കറ്റ് തികയ്ക്കുകയും ചെയ്തു.

എട്ടു മത്സരങ്ങളിൽ ആറാം വിജയം നേടിയ രാജസ്ഥാൻ 12 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒൻപത് കളികളിൽനിന്ന് 10 പോയിന്റുള്ള ആർ.സി.ബി അഞ്ചാമതാണ്.

ഇന്നത്തെ മത്സരം : ഗുജറാത്ത് Vs ഹൈദരാബാദ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.