ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുന്നു
ആദ്യ ഏകദിനം ഗോഹട്ടിയിൽ, അവസാന മത്സരം 15ന് കാര്യവട്ടത്ത്
1.30pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
ഗോഹട്ടി : ട്വന്റി ട്വന്റിയിലെ പരമ്പര നേട്ടത്തിന്റെ ആവേശത്തിൽ ഇന്ത്യയും ശ്രീലങ്കയും ഇന്നുമുതൽ ഏകദിന പരീക്ഷണങ്ങൾക്ക് ഇറങ്ങുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഗോഹട്ടയിലാണ് നടക്കുക. പരമ്പരയിലെ രണ്ടാം മത്സരം 12ന് കൊൽക്കത്തയിലും അവസാന മത്സരം 15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നടക്കും. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ അവസാനവട്ട തയ്യാറെടുപ്പുകളുടെ തുടക്കമാണ് ഈ പരമ്പര.
മൂന്ന് ട്വന്റി ട്വന്റികളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബയ്‌യിലെ ആദ്യ മത്സരത്തിലും രാജ്കോട്ടിലെ മൂന്നാം മത്സരത്തിലുമായിരുന്നു ഇന്ത്യയുടെ വിജയങ്ങൾ.പൂനെയിൽ ലങ്ക വിജയം നേടി. ട്വന്റി ട്വന്റിയിൽ യുവതാരങ്ങളെ അണിനിരത്തിയ ഇന്ത്യ ഏകദിന ഫോർമാറ്റിലേക്ക് മുൻനിര താരങ്ങളെ തിരിച്ചുവിളിച്ചാണെത്തുന്നത്. നായകനായി രോഹിത് ശർമ്മ മടങ്ങിയെത്തുമ്പോൾ വിരാട് കൊഹ്‌ലി,മുഹമ്മദ് ഷമി,കെ.എൽ രാഹുൽ,കുൽദീപ് യാദവ്,ശ്രേയസ് അയ്യർ,മുഹമ്മദ് സിറാജ് തുടങ്ങിയവരും ഒപ്പമുണ്ട്. ട്വന്റി ട്വന്റിയിൽ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യ ഉപനായക വേഷത്തിലുണ്ടാവും.
ട്വന്റി ട്വന്റി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവ്,അക്ഷർ പട്ടേൽ, ഉമ്രാൻ മാലിക്ക് എന്നിവരും ടീമിലുണ്ട്.ലോകകപ്പിന് മുമ്പ് ടീമിൽ സ്ഥാനമുറപ്പാക്കേണ്ടതിനാൽ മികച്ച പ്രകടനംതന്നെ താരങ്ങൾക്ക് പുറത്തെടുക്കേണ്ടിവരും.
ലങ്കൻ നിരയിൽ വലിയ മാറ്റങ്ങളില്ല. ദാസുൻ ഷനക തന്നെയാണ് നായകൻ. ട്വന്റി ട്വന്റിയിൽ ഉപനായകനായിരുന്ന ഹസരംഗയ്ക്ക് പകരം കുശാൽ മെൻഡിസ് വൈസ് ക്യാപ്ടനാവും.ഹരസരംഗ ടീമിലുണ്ട്. അസലങ്ക,ധനഞ്ജയ,മധുഷങ്ക,പാത്തും നിസംഗ,കാസുൻ രജിത,മഹീഷ് തീഷ്ണ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ജസ്പ്രീത് ബുംറ ഇല്ല
പരിക്കിൽ നിന്ന് മോചിതനായ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ഈ പരമ്പരയിൽ കളിപ്പിക്കേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചു. ലങ്കയ്ക്ക് എതിരെ ബുംറ കളിക്കുമെന്ന് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നെങ്കിലും വീണ്ടും പരിക്കേൽക്കാനിടയുള്ളതിനാൽ ഈ പരമ്പരയിൽ കളിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ന്യൂസിലാൻഡിന് എതിരായ ട്വന്റി ട്വന്റിയിൽ പരമ്പരയിലോ ഓസീസിന് എതിരായ ടെസ്റ്റ് പരമ്പരയിലോ ബുംറ തിരിച്ചെത്തിയേക്കും.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : രോഹത് ശർമ്മ(ക്യാപ്ടൻ),ഹാർദിക് (വൈസ് ക്യാപ്ടൻ),കെ.എൽ രാഹുൽ,വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ,മുഹമ്മദ് ഷമി,യുസ്‌വേന്ദ്ര ചഹൽ,കുൽദീപ് യാദവ്,അർഷ്ദീപ് സിംഗ്,മുഹമ്മദ് സിറാജ്,അക്ഷർ പട്ടേൽ,ശുഭ്മാൻ ഗിൽ,ഉമ്രാൻമാലിക്ക്,വാഷിംഗ്ടൺ സുന്ദർ.
ശ്രീലങ്ക : ദാസുൻ ഷനക(ക്യാപ്ടൻ),കുശാൽ മെൻഡിസ്(വൈസ് ക്യാപ്ടൻ),ചരിത് അസലങ്ക,ആഷൻ ബന്ഡാര,വാനിന്ദു ഹസരംഗ,ധനഞ്ജയ ഡിസിൽവ,അവിഷ്ക,നുവാനിഡു,കരുണരത്നെ,ലഹിരു കുമാര,മധുഷങ്ക,പാത്തും നിസംഗ,കാസുൻ രജിത,മഹീഷ് തീഷ്ണ,പ്രമോദ് മധുഷൻ,സമരവിക്രമ,വാൻഡർസേയ്,വെള്ളലാഗെ.
2021
ജൂലായ്‌യിലാണ്ഏകദിനത്തിൽ ഇതിനു മുമ്പ് ഇന്ത്യയും ലങ്കയും ഏറ്റുമുട്ടിയത്. അന്ന് മൂന്ന് മത്സരപരമ്പര 2-1ന് ഇന്ത്യ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |