ക്വലാലംപുർ : മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ഓപ്പണിൽ കുതിപ്പുതുടർന്ന് മലയാളി താരം എച്ച്.എസ് പ്രണോയ്. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്തോനേഷ്യൻ താരം ചിക്കോ ഒൗറ ഡ്വിവി വാർഡോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് പ്രണോയ് കീഴടക്കിയത്. സ്കോർ : 21-9, 15-21, 21-16 . ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ നരോവാക്കയാണ് പ്രണോയ്‌യുടെ എതിരാളി.
കഴിഞ്ഞ ദിവസം നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ തോൽപ്പിച്ചാണ് പ്രണോയ് പ്രീ ക്വാർട്ടറിലെത്തിയിരുന്നത്. പ്രീ ക്വാർട്ടറിൽ ആദ്യ ഗെയിം നേടിയ പ്രണോയ്‌യ്ക്ക് രണ്ടാം ഗെയിമിൽ അടവു പിഴച്ചു.എന്നാൽ മൂന്നാം ഗെയിമിൽ ശക്തമായി തിരിച്ചെത്തുകയായിരുന്നു.
അതേസമയം വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം തോറ്റു പുറത്തായി. ബൾഗേറിയയുടെ സ്റ്റെഫാനി- ഗബ്രിയേല സ്റ്റൊയേവ സഹോദരിമാരോട് 13-21, 21-15, 17-21 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം തോറ്റത്. നേരത്തേ പി.വി സിന്ധു,സൈന നെഹ്‌വാൾ,കിഡംബി ശ്രീകാന്ത് എന്നീ ഇന്ത്യൻ താരങ്ങളും തോറ്റുപുറത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |