തിരുവനന്തപുരം : ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയുമായി തിളങ്ങിയ സച്ചിൻ ബേബി രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടിയപ്പോൾ സർവീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ വിജയപ്രതീക്ഷയുമായി കേരളം. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ രണ്ടാം ഇന്നിംഗ്സിൽ 341 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സർവീസസിന് ഇന്നൊരു ദിവസത്തെ കളി മാത്രം ശേഷിക്കേ 321 റൺസ് കൂടി വേണ്ട സ്ഥിതിയിലാണ്. അതിനകം ആൾഒൗട്ടാക്കാനായാൽ കേരളത്തിന് വിജയം ആഘോഷിക്കാം.
ആദ്യ ഇന്നിംഗ്സിൽ കേരളം 327 റൺസെടുത്തിരുന്നു. സച്ചിൻ ബേബി 159 റൺസും സിജോമോൻ 55 റൺസും നേടി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനറങ്ങിയ സർവീസസ് മൂന്നാം ദിനമായ ഇന്നലെ 229 റൺസിന് പുറത്തായി. ഇതോടെ കേരളത്തിന് ആദ്യ ഇന്നിംഗ്സിൽ 98 റൺസിന്റെ ലീഡ് ലഭിച്ചു.തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം അതിവേഗത്തിൽ 242/7 എന്ന സ്കോർ ഉയർത്തിയശേഷം ഡിക്ളയർ ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച സർവീസസ് കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 20 റൺസിലെത്തിയിരിക്കുകയാണ്.ഒരു ദിവസം ശേഷിക്കേ സർവീസസിന് വിജയം നേടാൻ 321 റൺസ് കൂടി വേണം. 11 റൺസുമായി സൂഫിയാൻ ആലവും ഒൻപത് റൺസുമായി രോഹില്ലയുമാണ് ക്രീസിലുള്ളത്.
രണ്ടാം ഇന്നിംഗ്സിലും സച്ചിൻ ബേബി തന്നെയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. 109 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 93 റൺസെടുത്ത സച്ചിന് ഏഴ് റൺസകലെ അർഹിച്ച സെഞ്ച്വറി നഷ്ടമായി. 48 റൺസെടുത്ത വത്സൽ ഗോവിന്ദും 40 റൺസ് നേടിയ സൽമാൻ നിസാറും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.
സർവീസസിനായി ദിവേഷ് ഗുരുദേവും എം.എസ്.രതിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ പി.എസ്.പൂനിയ, അർപിത്, പുൾകിത് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |