'ബ്രിജ് ഭൂഷൺ പീഡിപ്പിച്ച ആറ് ഇരകളിൽ ഒരാളാണ് താൻ'; വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്

Sunday 03 May 2026 4:39 PM IST

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചും വ്യക്തിപരമായ അന്തസ് കണക്കിലെടുത്തുമാണ് ഇത്രയും കാലം പേര് വെളിപ്പെടുത്താതിരുന്നതെന്ന് വിനേഷ് പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പേര് വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് വിനേഷ് വ്യക്തമാക്കി. എന്നാൽ, യുപിയിലെ ഗോണ്ടയിൽ ഡബ്ല്യു.എഫ്.ഐ റാങ്കിംഗ് ടൂർണമെന്റുകളും ട്രയൽസുകളും നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് തുറന്നുപറച്ചിലിന് നിർബന്ധിതയായത്. ബ്രിജ് ഭൂഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളേജിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഗോണ്ടയിൽ നടക്കുന്ന നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിനിടെ തനിക്കോ തന്റെ ടീമിനോ എന്തെങ്കിലും മോശം കാര്യം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനായിരിക്കുമെന്ന് വിനേഷ് ആവർത്തിച്ചു. ബ്രിജ് ഭൂഷന്റെ സ്വാധീനമേഖലയിലാണ് ടൂർണമെന്റ് നടക്കുന്നത്. അവിടെ ഓരോ മത്സരവും ആര് നിയന്ത്രിക്കണം, എത്ര പോയിന്റ് നൽകണം എന്നതിലൊക്കെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആളുകൾക്കും നിയന്ത്രണമുണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ നൂറ് ശതമാനം പ്രകടനം പുറത്തെടുക്കാൻ തനിക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടെന്നും വിനേഷ് പറഞ്ഞു.

ബ്രിജ് ഭൂഷണെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും സ്‌പോർട്സ് മന്ത്രാലയവും സർക്കാരും വെറും കാഴ്ച്ചക്കാരായി നിൽക്കുകയാണെന്നും താരം കുറ്റപ്പെടുത്തി. എല്ലാ താരങ്ങൾക്കും തുല്യമായ അവസരം ലഭിക്കണമെന്നും അല്ലാതെ പ്രത്യേക ആനുകൂല്യങ്ങളൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും 31കാരിയായ വിനേഷ് കൂട്ടിച്ചേർത്തു. 2024 പാരിസ് ഒളിമ്പിക്സിനുശേഷം ആദ്യമായാണ് വിനേഷ് ഒരു മത്സരത്തിനിറങ്ങുന്നത്. പാരിസിൽ ഭാരക്കൂടുതൽ മൂലം താരത്തെ ഫൈനലിൽ നിന്ന് അയോഗ്യയാക്കിയിരുന്നു. മുൻപ് 50 കിലോ, 53കിലോ വിഭാഗങ്ങളിൽ മത്സരിച്ചിരുന്ന താരം ഇത്തവണ ഗോണ്ടയിൽ 57 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. 2023ൽ ജന്തർ മന്തറിൽ നടന്ന ഗുസ്തി താരങ്ങളുടെ സമരത്തിലെ പ്രധാന മുഖമായിരുന്നു വിനേഷ് ഫോഗട്ട്.