ഇറാന്റെ ആകാശത്ത് എവിടെയും എത്താനാവും,​ യുഎസിൽ നിന്ന് അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇസ്രയേൽ

Sunday 03 May 2026 9:30 PM IST

ടെൽ അവീവ്: പശ്ചിമേഷ്യയിൽ വ്യോമ പ്രതിരോധ രംഗത്ത് മേധാവിത്വം ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി അമേരിക്കയിൽ നിന്ന് അത്യാധുനിക സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇസ്രയേൽ. ലോക്ഹീഡ് മാർട്ടിന്റെ എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും ബോയിംഗിന്റെ എഫ് 15 ഐഎ യുദ്ധവിമാനവുമാണ് ഇസ്രയേൽ വാങ്ങുന്നത്. വിമാനങ്ങൾ വാങ്ങുന്നതിനുള്ള കോടികളുടെ പ്രതിരോധ കരാറിന് അംഗീകാരം നൽകിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഞങ്ങളുടെ പൈലറ്റുമാർക്ക് ഇറാനിയൻ വ്യോമാതിർത്തിയിൽ എവിടെയും എത്താൻ കഴിയും. ആവശ്യം വന്നാൽ അവരത് ചെയ്യും എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് ഏത് സമയത്തും എവിടെയും പ്രവർത്തിക്കാനുള്ള കരുത്ത് നൽകുന്ന ഷീൽഡ് ഓഫ് ഇസ്രയേൽ പദ്ധതിയുടെ ഭാഗമായാണ് വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ ഇസ്രായേലിന് നിരവധി എഫ്-35 വിമാനങ്ങളുണ്ടെങ്കിലും സേനയുടെ ശേഷി വർദ്ധിപ്പിക്കുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം. ഗാസയിൽ ഹമാസിനെതിരായ വ്യോമാക്രമണങ്ങളിൽ ഇസ്രായേൽ വ്യോമസേന നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഹമാസിന്റെ കമാൻഡ് സെന്ററുകളെയും തുരങ്കങ്ങളെയും ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് ആക്രമണങ്ങൾ ഗാസയിലെ ജനവാസ മേഖലകൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഇസ്രായേൽ അതിന്റെ വ്യോമ ശേഷി കൂടുതൽ വികസിപ്പിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്.