ഇന്ത്യയ്ക്ക് നാണക്കേട്; ഗുസ്തി  താരം  അന്തിം  പംഗൽ അച്ചടക്ക ലംഘനം നടത്തി, അക്രഡിറ്റേഷൻ  റദ്ദാക്കി

Thursday 08 August 2024 8:10 AM IST

പാരീസ്: ഗുസ്തി താരം അന്തിം പംഗലിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി. സഹോദരി നിഷ പംഗലിനെ നിയമവിരുദ്ധമായി ഒളിമ്പിക്സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി. അന്തിമിന്റെ കാർഡ് ഉപയോഗിച്ച് വില്ലേജിൽ കടക്കാൻ ശ്രമിച്ച നിഷയെ പാരീസ് പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. അന്തിമിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം ഉടൻ നാടുകടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

അച്ചടക്ക ലംഘനം ഫ്രഞ്ച് അധികൃതർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) ശ്രദ്ധിയിൽപ്പെടുത്തിയിട്ടുണ്ട്. അന്തിമിനെയും അവരുടെ കൂടെയുള്ള സ്റ്റാഫിനെയും തിരികെ ഇന്ത്യയിലേക്ക് അയക്കാൻ ഐഒഎ തീരുമാനിച്ചു.

വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ യെത്ഗിൽ സെയ്നൊപ്പിനോട് അന്തിം പരാജയപ്പെട്ടിരുന്നു. മത്സരത്തിന് ശേഷം ഹോട്ടലിൽ പോയ അന്തിം സഹോദരിയോട് വില്ലേജിൽ പോയി തന്റെ സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നാലെ സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.