ചരിത്രമെഴുതി ചർച്ച് ഇൻ വെയിൽസ്; സ്വവർഗദമ്പതികൾക്ക് പള്ളികളിൽ ആശിർവാദം നൽകാൻ അംഗീകാരം

Sunday 19 April 2026 12:27 PM IST

ലണ്ടൻ: സ്വവർ‌ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളിൽ ഔദ്യോഗികമായി ആശിർവാദം നൽകുന്ന തീരുമാനവുമായി ബ്രിട്ടനിലെ ചർച്ച് ഇൻ വെയിൽസ്. സഭയുടെ ഭരണസമിതിയിൽ നടത്തിയ വോട്ടെടുപ്പിൽ ഭൂരിഭാഗം അംഗങ്ങളും ഇതുസംബന്ധിച്ച ബില്ലിനെ അനുകൂലിച്ചു. ഇതോടെയാണ് ചരിത്രപരമായ തീരുമാനത്തിന് അംഗീകാരമായത്.

ബിഷപ്പുമാർ, വൈദികർ, അൽമായർ എന്നിവരടങ്ങുന്ന സഭയുടെ മൂന്ന് വിഭാഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഇതിലൂടെ നിയമപ്രകാരം വിവാഹിതരായ സ്വവർഗ ദമ്പതികൾക്ക് പള്ളിയിൽനിന്നും പ്രാർത്ഥനകളും ആശിർവാദങ്ങളും സ്വീകരിക്കാൻ കഴിയും. അതേസമയം, സ്വവർഗ ദമ്പതികളെ ആശിർവദിക്കാൻ താൽപര്യമില്ലാത്ത വൈദികർക്ക് അതിൽനിന്ന് മാറിനിൽക്കാനുള്ള സ്വാതന്ത്ര്യവും ബില്ല് നൽകുന്നുണ്ട്.

ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സഭകൾക്കിടയിൽ ഈ വിഷയം വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. 148 അംഗങ്ങളുടെ ഗവേണിംഗ് ബോഡിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. 2025 ജൂലായിൽ വെയിൽസിലെ ആർച്ച് ബിഷപ്പായി ചെറി വാൻ സ്ഥാനമേറ്റതിനുശേഷമാണ് ഈ തീരുമാനം.

ആർച്ച് ബിഷപ്പ് പദവിയിലെത്തുന്ന ആദ്യവനിതയും എൽജിബിടിക്യു അംഗവുമാണ് ചെറി വാൻ. ആധുനിക സമൂഹത്തിന്റെ വൈവിധ്യം സഭ നന്നായി പ്രതിഫലിപ്പിക്കണമെന്ന് ചെറി വാൻ പറഞ്ഞു. വിവാഹവുമായോ സിവിൽ യൂണിയൻ ചടങ്ങുകളുമായോ സാമ്യമുള്ളതല്ലെങ്കിൽ പുരോഹിതന്മാർക്ക് സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാനുള്ള അനുവാദം വത്തിക്കാൻ സഭ നൽകിയിരുന്നു. അതിനായുള്ള അപേക്ഷകൾ നിഷേധിക്കരുതെന്നും വത്തിക്കാൻ പറഞ്ഞിരുന്നു.