കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ (76) അറസ്റ്റിൽ. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‌ത കേസിലാണ് അറസ്റ്റ്. മൊഴിയെടുക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ആസ്ഥാനത്ത് എത്തിയിരുന്നു. ഇവിടെവച്ചാണ് വിക്രമസിംഗെയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
2023 സെപ്‌തംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നാണ് വിക്രമസിംഗെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. യുഎസിൽ നടന്ന ഒരു ഔദ്യോഗിക ചടങ്ങിന് ശേഷമാണ് വിക്രമസിംഗെ സർക്കാർ ചെലവിൽ യുകെ സന്ദർശിച്ചത്. നേരത്തെ വിക്രമസിംഗെയുടെ ജീവനക്കാരെയും സിഐഡി ചോദ്യം ചെയ്‌തിരുന്നു.
ഗോതബയ രാജപക്‌സെയ്‌ക്ക് പകരം പ്രസിഡന്റായി അധികാരമേറ്റ വ്യക്തി കൂടിയാണ് വിക്രമസിംഗെ. 2022 ജൂലായ് മുതൽ 2024 സെപ്‌തംബർ വരെ പ്രസിഡന്റായിരുന്നു. 2022ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കരകയറ്റിയതിന് ഇദ്ദേഹം ബഹുമതിയും നേടിയിട്ടുണ്ട്. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായും വിക്രമസിംഗെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |