തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20ന് പമ്പാ തീരത്ത് അയ്യപ്പ സംഗമം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായിട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചിരിക്കുന്നത്.
സ്റ്രാലിനുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. തമിഴ്‌നാട് ഹിന്ദു മത-എൻഡോവ്മെന്റ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ടൂറിസം, സാംസ്കാരിക, എൻഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ , കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി. സുനിൽ കുമാർ എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.
ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്യുന്നത്. ദേവസ്വം ബോർഡിന്റെ 75ാം വാർഷികത്തിന്റെ കൂടി ഭാഗമായാണ് പമ്പയിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്‌തർ പങ്കെടുക്കുന്ന അയ്യപ്പസംഗമം നടക്കുന്നത്. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ സംഗമത്തിൽ പങ്കെടുക്കും. തത്വമസി എന്ന സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും ആഗോള തീർത്ഥഥാടന കേന്ദ്രമായി ശബരിമലയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയെന്നതും സംഗമത്തിന്റെ ലക്ഷ്യങ്ങളാണ്. കേരളത്തിൽ ആദ്യമായി നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്‌തരെ ഒരു വേദിയിൽ കൊണ്ടുവരും. 3000 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |