ന്യൂഡൽഹി: ജയിലിലായാലും അഴിമതി നടത്തി അധികാരത്തിൽ തുടരാമെന്ന ചില നേതാക്കളുടെ ആഗ്രഹങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലോക്‌സഭയിൽ പുതിയ ബിൽ കൊണ്ടു വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ ഗയയിൽ 12,000
കോടിയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
48 മണിക്കൂർ കസ്റ്റഡിയിലായാൽ സർക്കാർ ജീവനക്കാരൻ പോലും സസ്‌പെൻഷനിലാകും. എന്നാൽ ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ ജയിലിൽ കിടന്നു പോലും അധികാരം പ്രയോഗിക്കാം. ജയിലിൽ കിടന്ന് ഫയലുകൾ പിടിച്ചെടുക്കുകയും ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്‌ത സമീപകാല സംഭവങ്ങളുണ്ടെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേരു പറയാതെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ നിയമമനുസരിച്ച്, അഴിമതിക്കാർ ജയിലിലാകുന്നതിനൊപ്പം സ്ഥാനങ്ങൾ നഷ്ടപ്പെടും പ്രധാനമന്ത്രിക്ക് പോലും ബാധകമായ അഴിമതി വിരുദ്ധ നിയമമാണ് സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഈ നിയമത്തിന്റെ പരിധിയിൽ വരും. നിയമം നടപ്പിലാകുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസത്തിനുള്ളിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ 31-ാം ദിവസം അവർ സ്ഥാനങ്ങൾ ഉപേക്ഷിക്കണം. ബില്ലിനോടുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പ് ഭയത്തിൽ നിന്നാണ്. തെറ്റു ചെയ്തവർക്ക് ഒളിച്ചോടാം. അഴിമതിക്കേസിൽ ദീർഘകാലം തടവിൽ കഴിഞ്ഞ ചില പ്രതിപക്ഷ നേതാക്കൾ ജാമ്യത്തിലാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ഒളിമ്പെയ്‌തു മോദി പറഞ്ഞു.
ആർ.ജെ.ഡി എം.എൽ.എമാരായ വിഭാ ദേവിയും പ്രകാശ് വീറും വേദിയിലിരിക്കെയാണ് ലാലുവിനെതിരായ പ്രധാനമന്ത്രിയുടെ വിമർശനം.
നവാഡ എം.എൽ.എയായ വിഭാ ദേവിയുടെ ഭർത്താവും മുൻ ആർ.ജെ.ഡി എം.എൽ.എയുമായ രാജ് ബല്ലഭ് യാദവ് മാനഭംഗക്കേസിൽ അടുത്തിടെ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
ബംഗാളിൽ 5,200 കോടിയുടെ
പദ്ധതികൾ
ബീഹാറിൽ നിന്ന് പശ്‌ചിമ ബംഗാളിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ 5,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. 13.61 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ ശൃംഖല ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നൊവാപാര-ജയ് ഹിന്ദ് ബിമാൻബന്ദർ മെട്രോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ജെസ്സോർ റോഡ് മെട്രോ സ്റ്റേഷൻ- ജയ് ഹിന്ദ് ബിമാൻബന്ദർ റൂട്ടിൽ അദ്ദേഹം മെട്രോ യാത്ര നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |