ന്യൂഡൽഹി: അസാം പൊലീസ് രജിസ്റ്റർ ചെയ്‌ത രാജ്യദ്രോഹക്കേസിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവരുടെ അറസ്റ്റ് സെപ്‌തംബർ 15വരെ തടഞ്ഞ് സുപ്രീംകോടതി. എഫ്.ഐ.ആറിനെതിരെ ഇവർ സമർപ്പിച്ച ഹർജിയും അന്ന് വീണ്ടും പരിഗണിക്കും. ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
'ദ വയർ' ഓൺലൈൻ പോർട്ടലിന്റെ സ്ഥാപക എഡിറ്ററാണ് സിദ്ധാർത്ഥ് വരദരാജൻ. കരൺ ഥാപ്പർ കൺസൾട്ടിംഗ് എഡിറ്ററും. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് 'ദ വയറിൽ' വന്ന വാർത്തയെ തുടർന്നാണ് കേസെടുത്തത്. സൈനിക ഓപ്പറേഷനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടെന്നും, ഇതിനു കാരണം രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകളാണെന്നും സ്രോതസുകളെ ഉദ്ധരിച്ച് പോർട്ടൽ റിപ്പോർട്ട് ചെയ്‌തിരുന്നു.
അതിനിടെ, ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകൻ അഭിസാർ ശർമ്മയ്‌ക്കെതിരെയും അസാം പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. അസാമിലെ ആദിവാസി ഭൂമി സംസ്ഥാന സർക്കാർ സ്വകാര്യ കമ്പനിക്ക് കൈമാറിയതിൽ ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജി സഞ്ജയ് കുമാർ മേധി പരാമർശങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിസാർ സ്വന്തം യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു. അസാം മുഖ്യമന്ത്രി വർഗീയവിഷം പടർത്തുകയാണെന്നും ആരോപിച്ചിരുന്നു. ഗുവാഹത്തി സ്വദേശി അലോക് ബറുവ നൽകിയ പരാതിയിലാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |