ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം 84 പേർ സൂര്യാഘാതത്താൽ മരിച്ചെന്ന് പഠനം. 2025 ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള കണക്കാണിത്. ഹീറ്റ് വാച്ച് പുറത്തുവിട്ട 'സ്ട്രക്ക് ബൈ ഹീറ്റ്: എ ന്യൂസ് അനാലിസിസ് ഒഫ് ഹീറ്റ്‌സ്‌ട്രോക്ക് ഡെത്ത്‌സ് ഇൻ ഇന്ത്യ ഇൻ 2025' റിപ്പോർട്ടിലാണിത്. കഴിഞ്ഞ മാർച്ച് ഒന്ന് മുതൽ ജൂൺ 24 വരെ സൂര്യാഘാതം സംശയിക്കുന്ന 7,192 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) പറയുന്നു. ഇതിൽ 14 പേർ മരിച്ചു.
സൂര്യാഘാത മരണങ്ങൾ സംബന്ധിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ചൂട് കാരണം മരിച്ചത്, 17 പേർ. മരിച്ചവരിലേറെയും പ്രായമായവരും കർഷകർ,നിർമ്മാണ തൊഴിലാളികൾ തുടങ്ങി പുറത്ത് ജോലി ചെയ്യുന്നവരുമാണ്. പുറത്ത് കളിക്കുന്നതിനിടെയും സ്‌കൂളിൽ പോകുമ്പോഴും കുട്ടികൾക്ക് സൂര്യാഘാതമേറ്റ സംഭവങ്ങളും ഉണ്ടായി. ഫെബ്രുവരി 26ന് നവി മുംബയിൽ 13 വയസുള്ള വിദ്യാർത്ഥി മരിച്ചതാണ് ഈ വർഷത്തെ ആദ്യത്തെ സൂര്യാഘാത മരണം.
അമിത ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആന്ധ്രപ്രദേശിലാണ്. 700 പേരാണ് ചികിത്സ തേടിയത്. ഒഡീഷയിൽ 348 പേരും രാജസ്ഥാനിൽ 344 പേരും ഉത്തർപ്രദേശിൽ 325 പേരും ചികിത്സ തേടി. രാജ്യത്താകെ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് 2,287 പേരാണ് ആശുപത്രികളിലെത്തിയത്. എന്നാലിത് യഥാർത്ഥ കണക്കിനേക്കാൾ കുറവാണെന്നും ഹീറ്റ് വാച്ച് ചൂണ്ടിക്കാട്ടുന്നു. മിക്ക മരണങ്ങളും ഹൃദയാഘാതം, നിർജ്ജലീകരണം, സ്‌ട്രോക്ക് എന്നിവ മൂലമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിലേക്ക് നയിക്കുന്നത് അമിതമായ ചൂടാണെന്നത് അവഗണിക്കപ്പെടുന്നതിനാൽ ഇവ സൂര്യാഘാത മരണത്തിന്റെ കണക്കിൽപെടാതെ പോകുന്നു.
സംസ്ഥാനങ്ങളിലെ കണക്ക്
മഹാരാഷ്ട്ര - 17
ഉത്തർ പ്രദേശ്, തെലങ്കാന - 15
ഗുജറാത്ത് - 10
അസം - 6
ബീഹാർ, പഞ്ചാബ്, രാജസ്ഥാൻ - 5
ഒഡീഷ - 3
കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് -1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |