പിടികൂടിയവയെ കുത്തിവച്ച് തുറന്നുവിടണം
ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ദേശീയ നയം വേണമെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകും. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും തദ്ദേശസ്ഥാപനങ്ങളെയും കേൾക്കും. ഇതിനായി അവരെ കക്ഷികളാക്കും. ജനന നിയന്ത്രണ (എ.ബി.സി) ചട്ടങ്ങൾ പ്രകാരം സ്വീകരിക്കുന്ന നടപടികൾ അറിയിക്കണം.
തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാനും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
ഡൽഹിയിലെ തെരുവുനായ പ്രശ്‌നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. കേരളത്തിൽ തെരുവുനായ ആക്രമണങ്ങളും മരണങ്ങളും ഭീതിപരത്തവെ സുപ്രീംകോടതി ഇടപെടൽ നിർണായകമാണ്.
തെരുവുനായകളെ മുഴുവൻ പിടികൂടി ഷെൽട്ടറുകളിൽ പാർപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് കോടതി വിലയിരുത്തി. പിടികൂടിയവയെ വാക്സിനേറ്റ് ചെയ്തും വന്ധ്യംകരിച്ചും തുറന്നുവിടാനും നിർദ്ദേശിച്ചു. രണ്ടംഗ ബെഞ്ചിന്റെ ഉത്തരവാണ് പരിഷ്കരിച്ചത്. നായപ്രേമികളും മൃഗാവകാശ സംരക്ഷണ സംഘടനകളും സമർപ്പിച്ച ഹർജികളിലാണ് നടപടി.
ആക്രമണകാരികളെയും, പേ ബാധിച്ചവയെയും തുറന്നുവിടരുത്. നായകളെ പിടികൂടി വാക്‌സിനേഷൻ നടത്തുന്നത് തുടരണം. രണ്ടംഗബെഞ്ചിന്റെ മുൻനിർദ്ദേശങ്ങൾ വിവാദമായതിനെ തുടർന്നാണ് മൂന്നംഗബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഹർജികൾ മാറ്റിയത്.
തെരുവിൽ ഭക്ഷണം
നൽകിയാൽ ശിക്ഷ
ഡൽഹിയിലെ തെരുവുകളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് സുപ്രീംകോടതി വിലക്കി. ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഓരോ മുനിസിപ്പൽ വാർഡിലും പ്രത്യേക 'ഫീഡിംഗ് സ്‌പെയ്സ്' അനുവദിക്കണം. ഇവ എവിടെയാണെന്ന് നോട്ടീസ് ബോർഡ് സ്ഥാപിക്കണം. ജനങ്ങൾക്ക് പരാതി പറയാൻ ഹെൽപ്പ് ലൈനും വേണം. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉന്മൂലനം ചെയ്യാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. നായപ്രേമികൾക്ക് തെരുവു നായകളെ ദത്തെടുക്കാം. പക്ഷേ, ദത്തെടുത്ത നായകളെ തെരുവിൽ ഉപേക്ഷിക്കാൻ അനുവദിക്കില്ല.
നായപ്രേമികൾ കേസിന്
കാശ് മുടക്കണം
വാദം കേൾക്കണമെങ്കിൽ ഹർജിക്കാരായ നായപ്രേമികൾ 25000 രൂപയും, മൃഗാവകാശ സന്നദ്ധ സംഘടനകൾ രണ്ട് ലക്ഷവും ഏഴു ദിവസത്തിനകം സുപ്രീംകോടതിയിൽ കെട്ടിവയ്‌ക്കണം. ഈ തുക നായകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ ഉൾപ്പെടെ ഉപയോഗിക്കും.
മൃഗക്ഷേമവും പൊതുസുരക്ഷയും ഒരുപോലെ കണക്കിലെടുത്തുള്ള ചുവടുവയ്‌പ്പാണിത്
- രാഹുൽ ഗാന്ധി
ആക്രമണകാരിയായ നായ എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്ന് സുപ്രീംകോടതി വ്യാഖ്യാനിക്കണം
- മേനക ഗാന്ധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |