വർഷങ്ങൾക്ക് മുമ്പ് സഞ്ജു സാംസണെയും സലി സാംസണിനെയും പരിശീലനത്തിനായി കോച്ച് ബിജു ജോർജിന് അരികിലെത്തിച്ച ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യൻ സുധീർ അലി ഇരുവരുടേയും കളിയെക്കുറിച്ച് പറഞ്ഞത്, സലി ഈസ് ദ ബെസ്റ്റ് എന്നായിരുന്നു. ചെറുപ്പത്തിൽ സഞ്ജുവിനേക്കാൾ മികച്ച പ്രകടനമായിരുന്നു സലിയുടേത്. പക്ഷേ ചരിത്രനിയോഗം മറ്റൊന്നായിരുന്നു. സഞ്ജു ഇന്ത്യൻ താരമായി മാറി. സലി പരിക്കുകളുടെ പിടിയിലായി ആഭ്യന്തര ക്രിക്കറ്റിൽ മാത്രമൊതുങ്ങി. പക്ഷേ കഴിഞ്ഞരാത്രി കെ.സി.എൽ മത്സരം കാണാനെത്തിയ സഞ്ജുവിന്റേയും സലിയുടെയും അമ്മ ലിജിയോട് കൊച്ചി ബ്ളൂടൈഗേഴ്സ് ടീം അംഗങ്ങളും മാനേജ്മെന്റും ഒരേ സ്വരത്തിൽ പണ്ട് സുധീർ അലി പറഞ്ഞ അതേ വാചകം പറഞ്ഞു- സലി ഈസ് ദ ബെസ്റ്റ്...
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ക്യാപ്ടൻസിയിലും തിളങ്ങി ശരിക്കും ആൾറൗണ്ട് പ്രകടനമാണ് ബ്ളൂടൈഗേഴ്സിൽ സഞ്ജുവിന്റേയും ക്യാപ്നടനായി സലി പുറത്തെടുത്തത്. ബൗളിംഗ് ഓപ്പൺ ചെയ്ത സലി രണ്ടോവറിൽ എട്ടുറൺസ് മാത്രമാണ് വഴങ്ങിയത്.ബാറ്റിംഗിനിറങ്ങി 30 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സമടക്കം അർദ്ധസെഞ്ച്വറിയും (50*) നേടി. സഞ്ജുവിന് ബാറ്റിംഗിനിറങ്ങേണ്ടിയും വന്നില്ല. സലിയെക്കുറിച്ച് ആ പഴയ കമന്റ് കേട്ടപ്പോൾ ലിജിയുടേയും പിതാവ് സാംസണിനും മനസുനിറയുകയും ചെയ്തു.
മോറെ വന്നു, കളിക്കാരെ റാഞ്ചാൻ
കെ.സി.എല്ലിന്റെ ആദ്യ ദിനം തന്നെ മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ടിംഗ് ഹെഡും മുൻ ഇന്ത്യൻ താരവുമായ കിരണൺ മോറെ കാര്യവട്ടത്ത് കളികാണാനും പുതിയ പ്രതിഭകളെ കണ്ടെത്താനുമെത്തി. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന്റെ വിഘ്നേഷിനെ കണ്ടെടുത്തത് മുംബയ് ടാലന്റ് സ്കൗട്ടുകളായിരുന്നു.ആദ്യ സീസണിൽ മോറെ വന്നിരുന്നില്ല. ഇത്തവണ തലവൻ തന്നെ ആദ്യമെത്തി. മറ്റ് ഐ.പി.എൽ ടീമുകളുടെ ടാലന്റ് സ്കൗട്ടുകളും വരുംദിവസങ്ങളിൽ ഗ്രീൻ ഫീൽഡിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |