ന്യൂഡൽഹി: കാപാരോ ഗ്രൂപ്പ് സ്ഥാപകനും ബ്രിട്ടീഷ് ഹൗസ് ഒഫ് ലോർഡ്‌സ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ലോർഡ് സ്വരാജ് പോൾ (94) ലണ്ടനിൽ അന്തരിച്ചു. രാജ്യം 1983ൽ പദ്‌മഭൂഷൺ നൽകി ആദരിച്ചിരുന്നു.
1968ൽ ലണ്ടനിൽ ചെറുകിട സ്റ്റീൽ കമ്പനിയായി തുടങ്ങിയ കാപാരോ എൻജിനിയറിംഗ്, ഓട്ടോമോട്ടീവ് രംഗത്ത് വളർന്ന് പന്തലിച്ചതോടെ സ്വരാജ് പോൾ 200 കോടി പൗണ്ടിന്റെ ആസ്‌തിയുള്ള വൻ വ്യവസായിയായി. കമ്പനിക്ക് 40 രാജ്യങ്ങളിൽ ബിസിനസുണ്ട്. സ്വരാജ് പോൾ 1996 മുതൽ ഹൗസ് ഒഫ് ലോർഡ്‌സിൽ അംഗമാണ്. 26 വർഷത്തിലേറെ വോൾവർഹാംപ്ടൺ സർവകലാശാല ചാൻസലർ പദവി വഹിച്ചു. 1978ൽ എലിസബത്ത് രാജ്ഞി നൈറ്റ് പദവി നൽകി ആദരിച്ചു.
ജലന്ധർ സ്വദേശിയായ സ്വരാജ് പോൾ, 1960കളിൽ മകൾ അംബികയുടെ ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ടാണ് യു.കെയിലെത്തിയത്. നാലാം വയസിൽ മരിച്ച മകളുടെ സ്‌മരണാർത്ഥം കുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് അംബിക പോൾ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റും ലണ്ടനിലെ അംബിക പോൾ ചിൽഡ്രൻസ് മൃഗശാലയും സ്ഥാപിച്ചു. 2015ൽ മകൻ അംഗദ് പോളും 2022ൽ ഭാര്യ അരുണയും മരിച്ചു. അവരുടെ സ്‌മരണാർത്ഥവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. മറ്റു മക്കൾ: ആകാശ് പോൾ (കാപാരോ ഇന്ത്യ ചെയർമാൻ), അംബർ, അഞ്ജലി. സ്വരാജ് പോളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |