ശബരിമല തിരിച്ചടിയായി,​ പരാജയകാരണം തുറന്ന് സമ്മതിച്ച് സി.പി.എം

Friday 24 May 2019 7:11 PM IST

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട പരാജയത്തിന് ശബരിമലയും കാരണമായിട്ടുണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തി. ഹിന്ദു വോട്ടുകളിൽ വൻ ചോർച്ചയുണ്ടായതായും പാർട്ടി വ്യക്തമാക്കി. ന്യൂനപക്ഷ ഏകീകരണം കൊണ്ടുമാത്രം ഇത്രവലിയ തിരിച്ചടി ഉണ്ടാവില്ലെന്നും സി.പി.എം വിലയിരുത്തി. പരാജയകാരണങ്ങളെക്കുറിച്ച് ജില്ലാകമ്മിറ്റികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടിയുടെ വോട്ടുകളിൽ വൻ ചോർച്ചയാണ് ഉണ്ടായത്. ന്യൂനപക്ഷ ധ്രുവീകരണമാണ് പരാജയത്തിന്റെ പ്രധാന കാരണമായി സ്ഥാനാർഥികളും നേതാക്കളും തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പറഞ്ഞിരുന്നത്. എന്നാൽ ഇതു ശരിയല്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കണ്ടെത്തൽ. ന്യൂനപക്ഷങ്ങൾ ഇല്ലാത്തിടങ്ങളിലും യു.ഡി.എഫ് അനുകൂല തരംഗം പ്രകടമായിരുന്നു. ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന മുൻ നിലപാടും സെക്രട്ടേറിയറ്റ് പ്രാഥമിക വിലയിരുത്തലിൽ തിരുത്തിയിട്ടുണ്ട്. ഹൈന്ദവ വോട്ടുകളിലുണ്ടായ വൻ ചോർച്ചക്ക് ശബരിമലയും കാരണമായേക്കാം. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചരണം യു.ഡി.എഫിന് വോട്ടു കൂടുവാൻ കാരണമായെന്നും സി.പി.എം വിലയിരുത്തി.