കതിരുവന്ന പാടങ്ങളിൽ ചാഴിശല്യം രൂക്ഷം

Saturday 04 February 2023 12:30 AM IST

ചിറ്റൂർ: നല്ലേപ്പിള്ളിയിൽ കതിരുവന്ന നെൽപാടങ്ങളിൽ ചാഴിശല്യം രൂക്ഷമാകുന്നു. ആദ്യം നടീൽ കഴിഞ്ഞ പാടങ്ങളിലും മൂപ്പുകുറഞ്ഞ നെല്ലിനങ്ങൾ കൃഷി ചെയ്തിടങ്ങളിലുമാണ് കതിര് വന്നുതുടങ്ങിയത്. വന്ന പാൽക്കതിർ ചാഴികൾ ഊറ്റി കുടിക്കുന്നതോടെ നെല്ല് പതിരാകും. ഇത് കർഷകന് വിളവിൽ കുറവും സാമ്പത്തിക നഷ്ടവും വരുത്തും.

രണ്ടാംവിള ഞാറ്റടിയിൽ നടീൽ കഴിഞ്ഞയുടനെയുണ്ടായ ബാക്ടീരിയ, മഞ്ഞളിപ്പ്, ഓലകരിച്ചിൽ, ചാഴി ശല്യം എന്നിവക്കൊക്കെ മരുന്ന് തളിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് വലിയ സംഖ്യ കർഷകർക്ക് ചിലവാക്കേണ്ടി വന്നു. പത്തുലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്ക് മരുന്ന് തളിക്കാൻ 6070 രൂപ ചിലവാകും. കൂടാതെ കീടനാശിനി വില, സഹായിയുടെ കൂലി എന്നീ ചിലവ് വേറെയും. എത്ര മരുന്ന് തളിച്ചാലും ഭാഗികമായേ ഫലമുണ്ടാകുന്നുള്ളൂവെന്ന് കർഷകർ പറയുന്നു.