കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനെ കുത്തിക്കൊന്നു; പ്രതിക്കായി തെരച്ചിൽ

Saturday 04 February 2023 6:48 PM IST

കൊച്ചി: പാലക്കാട് കൊല്ലങ്കോട് ആനമാറി വീട്ടിൽ സന്തോഷ് പൊന്നിച്ചാമി (41) എറണാകുളം അംബേദ്കർ സ്‌റ്റേഡിയത്തിന് സമീപം കുത്തേറ്റു മരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ സ്‌റ്റേഡിയത്തിന് മുന്നിൽ ചോര വാർന്നുകി​ടന്ന സന്തോഷി​നെ അതുവഴി​ വന്ന ഓട്ടോറിക്ഷാ ഡ്രൈവർ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുതുകിൽ ആഴത്തിലുള്ള മൂന്ന് കുത്ത് ഏറ്റിരുന്നു.

പത്തു വർഷമായി എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്ന ഹോട്ടലിലെ ജോലിക്കാരനാണ്. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം കാണാനെന്നു പറഞ്ഞാണ് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയത്. എം.ജി റോഡിലേക്ക് പോകുന്നതിനിടെ പിടിച്ചുപറി സംഘത്തിന്റെ ആക്രമണത്തിന് ഇരയായതോ, ലൈംഗിക തൊഴിലാളികളുമായുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചതോ ആകാമെന്ന നിഗമനത്തിലൂന്നിയാണ് പൊലീസിന്റെ അന്വേഷണം.

രാത്രി ക്രിമിനലുകളുടെ വിഹാര കേന്ദ്രമാണ് അംബേദ്കർ സ്റ്റേഡിയം. വഴിയാത്രക്കാരെ തടഞ്ഞുനിറുത്തി ആഭരണവും പണവും തട്ടുന്നത് നിത്യസംഭവമാണ്. യുവാവിന്റെ മരണത്തിന് പിന്നാലെ, ഇവിടെ പതിവായി തമ്പടിക്കാറുള്ള ലൈംഗിക തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. പരിസരത്തെ സി.സി.ടിവി കാമറകൾ പരിശോധിച്ച് വരികയാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്‌മോർട്ടത്തി​നു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.