റേഷൻ വിതരണം സംസ്ഥാനം അട്ടിമറിക്കുന്നു: ചെന്നിത്തല

Friday 03 February 2023 7:42 PM IST
ആളിക്കത്തിയ പ്രതിഷേധം... റേഷൻ സംവിധാനം പതിവുപോലെയാക്കുക പുഴുക്കലരി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പുതിയകടവ് റേഷൻ ഷോപ്പിനു മുന്നിൽ കോൺഗ്രസ് നടത്തിയ കഞ്ഞിവെപ്പ് സമരത്തിനിടെ തീ ആളിക്കത്തിയപ്പോൾ മുണ്ടിന് തീ പിടിക്കാതിരിക്കാൻ രമേശ് ചെന്നിത്തല നീങ്ങിയപ്പോൾ പിന്നിൽ നിന്നിരുന്ന ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറും കെ.സി അബുവും മറിഞ്ഞ് വീഴാൻ പോയപ്പോൾ

കോഴിക്കോട്: പാവപ്പെട്ടവർക്ക് ആശ്രയമായ റേഷൻ വിതരണത്തെ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് മുൻ കെ. പി.സി .സി പ്രസിഡന്റ് രമേശ് ചെന്നിത്തല. റേഷൻ സംവിധാനം പതിവുപോലെയാക്കുക, പുഴുക്കലരി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കഞ്ഞിവെപ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതിയകടവിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. റേഷൻ വിതരണ രംഗത്തെ ഷിഫ്റ്റ് സമ്പ്രദായവും പച്ചരി വിതരണവും കേരളത്തിൽ പ്രായോഗികമല്ല. ഇത്തരം പരിഷ്‌ക്കാരങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. ഈ പോസ് മെഷീൻ വ്യാപാരികൾ കേടുവരുത്തുന്നുവെന്നാണ് വകുപ്പ് മന്ത്രി പറഞ്ഞത്. ഗുണനിലവാരമില്ലാത്ത മെഷീൻ വിതരണം ചെയ്ത സർക്കാർ പഴി വ്യാപാരികളുടെ മേൽ ചുമത്തുകയാണ്. പാവപ്പെട്ടവന് ഗുണനിലവാരമുള്ള അരി നൽകാനും റേഷൻ വിതരണത്തിലെ താളപ്പിഴകൾ പരിഹരിക്കാനും സർക്കാർ തയ്യാറാവണമെന്ന് ചെന്നിത്തല പറഞ്ഞു.

പുതിയകടവ് റേഷൻ കടയ്ക്ക് മുന്നിൽ അടപ്പുകൂട്ടിയാണ് പ്രവർത്തകർ പ്രതിഷേധ കഞ്ഞിവെപ്പ് നടത്തിയത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ കഞ്ഞിവെപ്പ് സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി .സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, കെ .പി .സി .സി അംഗങ്ങളായ കെ .പി ബാബു, ഐ. മൂസ, കെ.രാമചന്ദ്രൻ , ആദം മുൽസി, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ഡി.സി.സി ഭാരവാഹികളായ പി .എം. അബ്ദുറഹ്മാൻ, ഷെറിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.പി സലീം സ്വാഗതവും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുകുമാരൻ നന്ദിയും പറഞ്ഞു.