കൊച്ചിയിലെ ലഹരിമരുന്ന് കച്ചവടക്കാരൻ 'ബോംബേ' എക്സൈസ് പിടിയിലായി

Saturday 04 February 2023 12:44 AM IST

കൊച്ചി: ബോംബേ എന്ന പേരിൽ കൊച്ചിയിൽ മയക്കുമരുന്നു സാമ്രാജ്യം കെട്ടിപ്പൊക്കിയ യുവാവ് ഒടുവിൽ എക്‌സൈസ് പിടിയിലായി. പള്ളുരുത്തി എം.എൽ.എ റോഡിൽ ചാണേപറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്ലമാണ് (ബോംബേ- 31) അറസ്റ്റിലായത്. എക്‌സൈസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു. പ്രതിയിൽനിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സ്പെഷ്യൽ മെക്‌സിക്കൻ മെത്ത് എന്ന പേരിലാണ് സിന്തറ്റിക് ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്. വ്യാജ ഇൻസ്റ്റഗ്രാം വഴിയായിരുന്നു കച്ചവടം. വൻതുക വാഗ്ദാനം നൽകി​ ഉപഭോക്താക്കളെ ഇടനിലക്കാരാക്കുന്നതാണ് രീതി.

ഇയാളുടെ കെണിയിൽ അകപ്പെട്ട ഒരു യുവതിയുടെ സുഹൃത്ത് കൈമാറിയ വിവരമാണ് ബോംബേയ്ക്ക് കുരുക്കായത്. എക്‌സൈസ് സംഘത്തിന്റെ നിർദ്ദേശപ്രകാരം യുവതി ഇൻസ്റ്റഗ്രാമിലൂടെ മയക്കുമരുന്ന് ആവശ്യപ്പെട്ടു. എവി​ടെയെങ്കി​ലും മയക്കുമരുന്ന് വച്ച് അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് ഇൻസ്റ്റഗ്രാമിലൂടെ ക്യു.ആർ കോഡ് നൽകി അതിലൂടെ പണം വാങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്. ആദ്യം നേരിൽ വരാൻ വിസമ്മതിച്ച ഇയാൾ യുവതിയുടെ അഭ്യർത്ഥനപ്രകാരം പ്രത്യക്ഷപ്പെടുകയായിരുന്നു.

കലൂർ സ്റ്റേഡിയം റൗണ്ട് റോഡിൽ ടാക്‌സിക്കാറിൽ വന്നിറങ്ങിയ ഉടനെ പന്തികേട് മനസിലാക്കായ ഇയാൾ കൈവശം ഉണ്ടായിരുന്ന ലഹരിമരുന്ന് വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് പിടികൂടി​. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ്കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, ടി.പി. ജെയിംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

* ആഫ്രിക്കൻ കണക്ഷൻ

ബംഗളൂരുവി​ൽവച്ച് പരിചയപ്പെട്ട ആഫ്രിക്കൻ സ്വദേശി വഴിയാണ് എം.ഡി.എം.എ ഇയാൾ കൊച്ചിയിൽ എത്തിച്ചിരുന്നത്. വലിയ ഡീൽ നടത്തുന്നതിന് ഒരുപാർട്ടി എത്തിയിട്ടുണ്ടെന്നും പണത്തിന്റെകാര്യം നേരിട്ട് സംസാരിക്കണമെന്നും ഇയാൾ പെൺകുട്ടിയുമായുള്ള ചാറ്റിംഗിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമടക്കം ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും എക്സൈസ് പറഞ്ഞു.

Advertisement
Advertisement