അകക്കണ്ണ് കൊണ്ട് തുമ്പിച്ചാൽ ചിറയെ തൊട്ടറിഞ്ഞ് വിദ്യാർത്ഥികൾ
ആലുവ: അകക്കണ്ണ് തൊണ്ട് കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ചാലക്കൽ തുമ്പിച്ചാൽ ചിറയെ തൊട്ടറിഞ്ഞ കിഴ്മാട് അന്ധവിദ്യാലയ വിദ്യാർത്ഥികൾ. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്ന തുമ്പിച്ചാൽ ചിറ സന്ദർശിക്കുന്നതിനാണ് ലോക തണ്ണീർത്തട ദിനത്തിലാണ് അദ്ധ്യാപകരോടൊപ്പം അവരെത്തിയത്.
തുമ്പിച്ചാൽ ചിറയിൽ ചുറ്റും നടന്നും പക്ഷികളുടെ കിളിനാഥം കേട്ടും ഇളം കാറ്റ് ഏറ്റും പറന്ന് തുള്ളി തുടിക്കുന്ന തുമ്പികളുടെ ഇടയിലൂടെ നടന്നും തുമ്പിച്ചാലിന്റെ സൗന്ദര്യം അവർ തൊട്ടറിഞ്ഞു. തുമ്പിച്ചാലിന്റെ വിശേഷണങ്ങൾ വിശദമായി പകർന്നുനൽകി അദ്ധ്യാപകരായ സുനിൽ ഫ്രാൻസിസ്, രേശ്മ, രാജൻ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. കൂടുതൽ ആളുകൾ എത്തുന്ന സ്ഥലം എന്ന നിലക്ക് തണ്ണീർത്തട സന്ദേശം കുട്ടികളിലൂടെ ജനങ്ങളിൽ എത്തിക്കുവാനുമാണ് തുമ്പിച്ചാലിലേയ്ക്ക് യാത്ര നടത്തിയതെന്ന് പ്രധാന അദ്ധ്യാപിക ജിജി വർഗീസ് പറഞ്ഞു. തണ്ണീർത്തട സംരക്ഷണ സന്ദേശം എഴുതിയ പ്ലക്കാർഡുകളും കുട്ടികളുടെ കൈവശമുണ്ടായിരുന്നു. തുമ്പിച്ചാലിൽ ചാലക്കൽ ഡോ.അംബേദ്കർ സ്മാരക ലൈബ്രറി നടത്തിയ തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിലും വിദ്യാർത്ഥികൾ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ തണ്ണീർത്തട സന്ദേശ പ്രസംഗവും ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ .... എന്ന് തുടങ്ങുന്ന പരിസ്ഥിതി ഗാനം ആലപിച്ചു. പ്രദേശവാസിയായ സജീഷ് താമര പൂവ് നൽകിയാണ് ഇവരെ യാത്രയാക്കിയത്.