കാർ ദുരന്തം: കാരണം തേടി മോട്ടോർ വാഹന വകുപ്പ്
കണ്ണൂർ : പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഗർഭിണിയും ഭർത്താവും കാറിൽ വെന്തുമരിച്ച സംഭവത്തിൽ വ്യക്തതയില്ലാതെ മോട്ടോർവാഹനവകുപ്പ്. വാഹനത്തിന്റെ ഫ്യൂവൽ ലൈനിൽ തകരാർ സംഭവിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പും ഫോറൻസിക് ഡിപ്പാർട്ട്‌മെന്റും പൊലീസും നടത്തിയ പരിശോധനയിൽ വ്യക്തമായി.
ഷോർട്ട് സർക്യൂട്ട് തന്നെയാകാം കാരണമെന്നാണ് ഇന്നലെയും സംഘം വ്യക്തമാക്കിയത്. എന്നാൽ, തീ പെട്ടെന്ന് ആളിക്കത്തിയത് വാഹനത്തിലുണ്ടായിരുന്ന ഏതോ വസ്തുവിന്റെ സാന്നിദ്ധ്യം മൂലമാണെന്ന് സംശയിക്കുന്നതായി എം.വി.ഐ പി.വി. ബിജു പറഞ്ഞു.
കാർ പരിശോധിച്ചപ്പോൾ രണ്ട് പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയിരുന്നു. അതിൽ ഉണ്ടായിരുന്ന ഏതെങ്കിലും ദ്രാവകമാണോ തീ ആളിപ്പടരാൻ കാരണമായതെന്ന് കണ്ടെത്താൻ കുപ്പികൾ രാസപരിശോധനക്ക് അയച്ചു.
അതിനിടെ, കാറിൽ രണ്ട് കുപ്പികളിൽ സൂക്ഷിച്ച പെട്രോളാണ് അപകടത്തിനിടയാക്കിയതെന്ന പ്രചാരണം മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ നിഷേധിച്ചു. തൊട്ടടുത്ത് പമ്പുകളുള്ളതിനാൽ പെട്രോൾ ശേഖരിക്കേണ്ടതില്ല. അങ്ങനെയാണെങ്കിൽ കുപ്പിയുടെ അവശിഷ്ടങ്ങൾ ബാക്കിയാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.