ജെ.കെ. മേനോന് യു.കെയിൽ അന്താരാഷ്ട്ര പുരസ്കാരം

Saturday 04 February 2023 12:16 AM IST

കൊച്ചി: ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം അന്താരാഷ്ട്ര പുരസ്കാരം നേടി നോർക്ക ഡയറക്ടറും ഖത്തറിലെ എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ. കൊവിഡ് കാലഘട്ടത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുകയും സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിൽ ആദരിച്ചത്. അന്താരാഷ്ട്ര ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും വിവിധ രാജ്യങ്ങളിലായി തുടരുന്ന സേവനങ്ങളും പരിഗണിച്ച് ജെ.കെ. മേനോന് ഇന്റർനാഷണൽ ബിസിനസ്‌മാൻ ഒഫ് ദി ഇയർ പുരസ്‌കാരം സമ്മാനിച്ചു. യു.കെ ആസ്ഥാനമായുള്ള ഇ.പി.ജിയാണ് പൊളിറ്റിക്കൽ, പബ്ലിക് സേവനങ്ങൾക്കുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന്റെ നിർണയവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചത്. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് ജെ.കെ. മേനോൻ. പ്രവാസി ഇന്ത്യക്കാരുടെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നതുകൂടി പരിഗണിച്ചാണ് ജെ.കെ.മേനോനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഖത്തറിനു പുറമെ കുവൈറ്റ്, സൗദി, ദുബായ്, സുഡാൻ, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങളിലും നിരവധി ബിസിനസുകൾ ജെ.കെ. മേനോനുണ്ട്.