കോഴ: കേസ് റദ്ദാക്കാൻ അഡ്വ. സൈബിയുടെ ഹർജി
Saturday 04 February 2023 12:19 AM IST
കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന് ആരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയിൽ ഹർജി നൽകി. തിങ്കളാഴ്ച ഹർജി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പരിഗണിക്കും.
തനിക്കെതിരെ കേസ് രജിസ്റ്റർചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവില്ലെന്നും ഹർജിയിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മൊഴികളിലും താൻ ജഡ്ജിമാർക്ക് നൽകാനായി പണം വാങ്ങിയെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.