ഇന്ധന സെസിന് തീരുമാനം വായ്പ കേന്ദ്രം വെട്ടിയതോടെ

Saturday 04 February 2023 12:31 AM IST

തിരുവനന്തപുരം:സി.പി.എമ്മിനും ഇടതുമുന്നണിക്കും ന്യായീകരിക്കാൻ പ്രയാസമുള്ളതായിട്ടും, പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ചുമത്താനുളള തീരുമാനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ എടുത്തത് വായ്പാ പരിധിയിൽ 2700 കോടി രൂപ വെട്ടിക്കുറച്ചുള്ള കേന്ദ്രസർക്കാരിന്റെ കത്ത് കിട്ടിയ

ശേഷമെന്ന് സൂചന.ഇതാവട്ടെ,ബഡ്ജറ്റ് പൂർത്തീകരണത്തിന്റെ അവസാന മണിക്കൂറിലും.

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം മുടങ്ങുമെന്ന് ഉറപ്പായതോടെയായിരുന്നു അറ്റ കൈ പ്രയോഗം. കിഫ്ബി,സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനി എന്നിവ എടുത്ത വായ്പകളുടെ പേരിൽ ഈ വർഷത്തെ അവസാന മൂന്ന് മാസം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി അറിയിച്ചുള്ള കത്ത് വന്നത് വ്യാഴാഴ്ചയാണ്. 2,700 കോടി കൂടി കേന്ദ്രം വെട്ടിക്കുറച്ചതോടെ ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ എടുക്കാവുന്ന വായ്പ കേവലം 900 കോടിയായി കുറഞ്ഞു.ഇതോടെ, സാമൂഹ്യ ക്ഷേമപെൻഷൻ പൂർണ്ണമായും മുടങ്ങുമെന്ന സ്ഥിതിയായി,.ഇത് മറികടക്കാൻ പെട്രോൾ,ഡീസൽ,മദ്യ സെസിന് മഖ്യുമന്ത്രിയുടെ അനുമതി തേടി.

നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ 17696 കോടി രൂപ വായ്പയെടുക്കാമെന്നാണ്

കേന്ദ്രം അറിയിച്ചിരുന്നത്. പിന്നീട് വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിൽ 4060 കോടിയുടെ വായ്പയും അനുവദിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് 17000 കോടിയോളം എടുക്കാനാകുമെന്നാണ് സംസ്ഥാനം കരുതിയിരുന്നത്.

കിഫ്ബി, ക്ഷേമ പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കമ്പനി എന്നിവ എടുത്ത വായ്പ മൂന്നു തവണയായി പിടിക്കുമെന്നാണ് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നതും.

എന്നാൽ ,പെൻഷൻ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത്.7500 കോടിയാണ് ഇങ്ങനെ പിടിക്കുന്നത്.

സാമൂഹ്യക്ഷേമ പെൻഷൻ ഡിസംബർ, ജനുവരി മാസത്തെ തുക കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ അടുത്ത സാമ്പത്തിക വർഷം ക്ഷേമപെൻഷൻ മുടങ്ങും.

ക്ഷേമ പെൻഷൻ വിതരണം മൂന്നു മാസം മുടങ്ങിയതാണ് കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് ഇടതുമുന്നണിയിലെ വിലയിരുത്തൽ.

Advertisement
Advertisement