ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി
വസ്തു കൈമാറ്റത്തിന് ചെലവേറും
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതോടെ ,ഭൂമി കൈമാറ്റത്തിനും ചെലവേറും. ഒരു ലക്ഷ്യം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.2 ലക്ഷമാവും വില. എട്ട് % സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് % രജിസ്ട്രേഷൻ ഫീസും ഉൾപ്പെടെ 12,000 രൂപ കൂടി നൽകണം.
2010 ലാണ് ഭൂമിയുടെ ന്യായവില അവസാനമായി വർദ്ധിപ്പിച്ചത്. പിന്നീട് പലപ്പോഴായി ബഡ്ജറ്റിൽ അടിസ്ഥാന വിലയുടെ നിശ്ചിത ശതമാനം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ 10 % വർദ്ധനയാണ് വരുത്തിയത്.വിപണി മൂല്യം വർദ്ധിച്ചതിനാൽ ഭൂമിയുടെ ന്യായവില 30 % വരെ കൂട്ടുന്നതിന് 2020 ൽ ഫിനാൻസ് ആക്ടിലൂടെ നിയമനിർമാണം നടത്തിയിരുന്നു. കുടിശികയുള്ള അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ നിലവിലുള്ള കോമ്പൗണ്ടിംഗ് പദ്ധതിക്കു പകരം ബദൽ മാർഗങ്ങൾ സ്വീകരിക്കും.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് 2010 ൽ ഉത്തേജന പാക്കേജായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നമ്പർ ലഭിച്ച് ആറു മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാർട്ട്‌മെന്റുകൾക്ക് മുദ്രവില 10 ൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചിരുന്നു. ഇത് ഏഴു ശതമാനമായി ഉയർത്തും. മറ്റ് ആധാരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം മൂന്നോ ആറോ മാസത്തിനകം നടക്കുന്ന വിലയാധാരങ്ങൾക്ക് അധിക മുദ്രവില നൽകുന്ന വ്യവസ്ഥ ഒഴിവാക്കും. ഗഹാനുകളും ഗഹാൻ ഒഴിവു കുറികളും ഫയൽ ചെയ്യുന്നതിന് 100 രൂപ നിരക്കിൽ സർവീസ് ചാർജ് ഏർപ്പെടുത്തും. ജോയിന്റ് ഡവലപ്പ്‌മെന്റിനായി പ്രത്യേകം അധികാരപ്പെടുത്തുന്ന മുക്ത്യാറുകളുടെ മുദ്രവില പരമാവധി ഒരു ലക്ഷമായി നിജപ്പെടുത്തും. സറണ്ടർ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയായി കുറയ്ക്കും. പട്ടയഭൂമിയിന്മേൽ ഈടാക്കുന്ന വാർഷിക അടിസ്ഥാന ഭൂനികുതി, വാണിജ്യ, വ്യാവസായിക ഉപയോഗത്തെ അടിസ്ഥാനമാക്കി പരിഗണിക്കും.